ത‍ർക്കം പരിഹരിക്കാൻ ഇന്ത്യ-ചൈന കമാൻഡർ തല ചർച്ച തുടങ്ങി, ഒത്തുതീർപ്പിന് സമ്മര്‍ദ്ദവുമായി റഷ്യയും യുഎസും

By Web TeamFirst Published Jun 22, 2020, 1:18 PM IST
Highlights

അതിർത്തി തർക്കം എത്രയും പെട്ടെന്ന് പരിഹരിച്ച് സമാധാനം പുനസ്ഥാപിക്കാൻ റഷ്യയും അമേരിക്കയും ഇരുരാജ്യങ്ങൾക്കും മേൽ ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്. 
 

ദില്ലി: ലഡാക്ക് സംഘർഷത്തിലേക്ക് നയിച്ച അതിർത്തി തർക്കം പരിഹരിക്കാൻ ഇന്ത്യയും ചൈനയും ഉന്നത സൈനികതലത്തിൽ ചർച്ചകൾ തുടങ്ങി. പോംഗോഗ് തടാകം ഉൾപ്പെടുന്ന മേഖലയുടെ ചുമതലയുള്ള ഇരു സൈന്യത്തിൻ്റേയും ലെഫ്. ജനറൽമാരുടെ നേതൃത്വത്തിലാണ് ചർച്ച നടക്കുന്നത്. ഇതു രണ്ടാം തവണയാണ് കമാൻൻഡിംഗ് ഓഫീസർമാർ തമ്മിൽ അതിർത്തി തർക്കം പരിഹരിക്കാനായി ചർച്ച നടത്തുന്നത്.

നേരത്തെ ഈ മാസം ആറിന് നടന്ന ചർച്ചയിൽ അതിർത്തിയിൽ നിന്നു പിന്മാറാൻ ഇരുവിഭാഗവും തമ്മിൽ ധാരണയുണ്ടാക്കിയിരുന്നു. ഗാൽവാൻ താഴ്വരയിൽ ഇതേതുടർന്നുള്ള സൈനിക പിൻമാറ്റം നടക്കുന്നതിനിടെ ചൈന വീണ്ടും തിരികെയെത്തി ക്യാംപ് സ്ഥാപിച്ചതാണ് അവിടെ ഒരു രാത്രി മുഴുവൻ നീണ്ട സംഘർഷത്തിലേക്ക് നയിച്ചത്. 

നാളെ ഇന്ത്യ റഷ്യ ചൈന വിദേശകാര്യമന്ത്രിമാരുടെ യോഗം നടക്കാനിരിക്കെയാണ് സേനതലത്തിൽ ഉന്നതതല ആശയവിനിമയം തുടങ്ങിയിരിക്കുന്നത്. വിദേശകാര്യമന്ത്രാലയത്തിലെ ജോയിൻറ് സെക്രട്ടറിമാർക്കിടയിലെ യോഗവും വിഡിയോ കോൺഫറൻസിംഗ് വഴി ഈയാഴ്ച നിശ്ചയിച്ചിട്ടുണ്ട്. സേനയ്ക്ക് അതിർത്തിയിൽ പൂർണ്ണ സ്വാതന്ത്ര്യം നല്കിയെങ്കിലും  സമാധാനപരമായി പ്രശ്നം
പരിഹരിക്കാനാണ് സർക്കാർ പ്രാമുഖ്യം നൽകുന്നത്. അതിർത്തി തർക്കം എത്രയും പെട്ടെന്ന് പരിഹരിച്ച് സമാധാനം പുനസ്ഥാപിക്കാൻ റഷ്യയും അമേരിക്കയും ഇരുരാജ്യങ്ങൾക്കും മേൽ ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്. 

ചൈനീസ് അതിർത്തിയിൽ എന്തു പ്രകോപനമുണ്ടായാലും വെടിക്കോപ്പും തോക്കും ഉപയോഗിക്കില്ലെന്ന മുൻധാരണയിൽ നിന്നും കഴിഞ്ഞ ദിവസം ഇന്ത്യ പിൻമാറിയിരുന്നു. ചൈനീസ് അതിർത്തിയിൽ ഉടനീളം ജാഗ്രത കർശനമാക്കാനും എന്തെങ്കിലും രീതിയിൽ പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാനും കേന്ദ്രസർക്കാർ സൈന്യത്തോട് നിർദേശിച്ചിട്ടുണ്ട്. അതിർത്തിയിൽ ഉടനീളം പട്രോളിംഗ് സജീവമാക്കാൻ കരസേനയ്ക്ക് പ്രതിരോധമന്ത്രി നിർദേശം നൽകി. 

click me!