
ചെന്നൈ: ഉദുമൽപേട്ട് ദുരഭിമാനക്കൊലക്കേസിലെ പ്രതികളുടെ വധശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെ അഞ്ച് പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി. പെൺകുട്ടിയുടെ അച്ഛൻ ചിന്നസ്വാമിയെ കുറ്റവിമുക്തനാക്കുകയും ചെയ്തു. 2016 ലാണ് തേവർ വിഭാഗത്തിൽപ്പെട്ട പെൺകുട്ടി കൗസല്യയെ വിവാഹം ചെയ്തതിൻ്റെ പേരിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട എഞ്ചിനീയറിങ്ങ് വിദ്യാർത്ഥി ശങ്കറിനെ പെൺകുട്ടിയുടെ ബന്ധുക്കൾ ചേർന്ന് കൊലപ്പെടുത്തിയത്.
Read more at: ഒരിക്കൽ ദുരഭിമാനക്കൊലയുടെ ഇര, ഇന്ന് ജാതിവിരുദ്ധപോരാട്ടങ്ങളുടെ മുഖം: കൗസല്യ വീണ്ടും വിവാഹിതയായി ...
2016 മാർച്ച് 13-ന് തമിഴ്നാട്ടിലെ ഉദുമൽപേട്ടൈയൽ വച്ച് സ്വന്തം അച്ഛനും അമ്മാവനും ഏർപ്പെടുത്തിയ വാടകക്കൊലയാളികളുടെ സംഘമാണ് കൗസല്യയുടെ ഭർത്താവായിരുന്ന ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തിയത്. അന്ന് ഇരുവരുടെയും വിവാഹം കഴിഞ്ഞ് വെറും എട്ട് മാസമേ ആയിരുന്നുള്ളൂ. കൊലപാതകം നടക്കുമ്പോൾ കൗസല്യയ്ക്ക് പത്തൊമ്പത് വയസ് മാത്രമായിരുന്നു പ്രായം.
കൗസല്യയുടെ തലയ്ക്കും അന്ന് വെട്ടേറ്റിരുന്നു. തന്നെയും ശങ്കറിനെയും ആക്രമിച്ചതിന് പിന്നിൽ തന്‍റെ കുടുംബാംഗങ്ങൾ തന്നെയാണെന്ന് കൗസല്യ മൊഴി നൽകി. 2017 ഡിസംബർ 12-ന് തിരുപ്പൂർ കോടതി കൗസല്യയുടെ അച്ഛനുൾപ്പടെ ആറ് പേർക്ക് വധശിക്ഷ വിധിച്ചു. തെളിവുകളുടെ അഭാവത്തിൽ കൗസല്യയുടെ അമ്മ അന്നലക്ഷ്മിയെയും അമ്മാവൻ പാണ്ടിദുരൈയെയും കോടതി വെറുതെ വിട്ടിരുന്നു. രാജ്യത്താദ്യമായിട്ടായിരുന്നു ഒരു ദുരഭിമാനക്കൊലക്കേസിൽ വധശിക്ഷ വിധിച്ചത്. ഈ വധശിക്ഷയാണ് ഇപ്പോൾ റദ്ദാക്കപ്പെട്ടിരിക്കുന്നത്.
ഗൂഡാലോചനയില്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടികാട്ടിയാണ് ചിന്നസ്വാമിയെ ഹൈക്കോടതി വെറുതെ വിട്ടത്. മറ്റ് അഞ്ച് പ്രതികള്‍ക്ക് ശിക്ഷ 25 വര്‍ഷം ജീവപര്യന്തമാക്കി കുറച്ചു. കൗസല്യയുടെ അമ്മ അന്നലക്ഷ്മി, അമ്മാവൻ പാണ്ഡ്യദുരൈ, അകന്ന സഹോദരൻ പ്രസന്ന എന്നിവരെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ട നടപടിയും ഹൈക്കോടതി ശരിവച്ചു. നീതി നിഷേധിക്കപ്പെട്ടന്നും സുപ്രീംകോടതയെ സമീപിക്കുമെന്നും കൗസല്യ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam