മുതിർന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ്‌ഗുപ്‌ത അന്തരിച്ചു

By Web TeamFirst Published Oct 31, 2019, 9:11 AM IST
Highlights

സിപിഐ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി, എഐടിയുസി ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു

പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന് കാണിച്ച് 2014 ൽ പാർട്ടിയുടെ ദേശീയ കൗൺസിലിന് കത്തയച്ചു

കൊൽക്കത്ത: മുതിർന്ന സിപിഐ നേതാവും മുൻ ലോക്സഭാംഗവുമായ ഗുരുദാസ് ദാസ്‌ഗുപ്‌ത(83) കൊൽക്കത്തയിൽ അന്തരിച്ചു. വൃക്ക–ഹൃദയസംബന്ധ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സിപിഐ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി, എഐടിയുസി ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു.

പശ്ചിമബംഗാളിൽ നിന്നുള്ള കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളിൽ പ്രമുഖനാണ് ഇദ്ദേഹം. 1985, 1988, 1994 കാലങ്ങളിൽ തുടർച്ചയായി സിപിഐ യുടെ രാജ്യസഭാംഗമായ അദ്ദേഹം, 2004 ലും 2009 ലും പശ്ചിമബംഗാളിൽ നിന്ന് ലോക്സഭയിലേക്ക് വിജയിച്ചു.  എന്നാൽ 78 കാരനായ താൻ പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന് കാണിച്ച് 2014 ൽ പാർട്ടിയുടെ ദേശീയ കൗൺസിലിന് കത്തയച്ച അദ്ദേഹം പിന്നീട് മത്സരിച്ചില്ല.

ടുജി സ്പെക്ട്രം അഴിമതി അന്വേഷിച്ച പാർലമെന്ററി സമിതിയിലെ അംഗമായിരുന്നു ഇദ്ദേഹം. ടുജി അഴിമതിയുമായി ബന്ധപ്പെട്ട് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയാണ് ഇന്ത്യൻ ഇടതുപക്ഷത്തിന്റെ കരുത്തുറ്റ നേതാവായി അദ്ദേഹം വളർന്നത്. 2001 ൽ എഐടിയുസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

തൊഴിലാളി വർഗ്ഗ പോരാട്ടങ്ങളുടെ മുന്നണിയിൽ ഉണ്ടായിരുന്ന ദാസ്‌ഗുപ്‌ത, പാർലമെന്റിൽ അഴിമതിക്കും സാമ്പത്തിക കുറ്റങ്ങൾക്കും തൊഴിലാളികളുടെ അവകാശങ്ങളുമായും ബന്ധപ്പെട്ട് സ്വീകരിച്ച ഉറച്ച നിലപാടുകളിലൂടെ ശ്രദ്ധേയനായി. 2009 ൽ സിപിഐയുടെ ലോക്സഭാ കക്ഷി നേതാവുമായിരുന്നു ഇദ്ദേഹം.
 

click me!