കൊവിഡ് 19: മുംബൈ നഗരത്തിൽ സാമൂഹികവ്യാപനം തുടങ്ങിയതായി സ്ഥിരീകരണം

By Web TeamFirst Published Apr 8, 2020, 10:20 AM IST
Highlights

വിദേശത്ത് പോകാത്തവരിലും രോഗികളുമായി സമ്പർക്കമില്ലാത്തവരിലും രോഗം വ്യാപിക്കുന്നു. 

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മുംബൈയിൽ സാമൂഹികവ്യാപനം തുടങ്ങിയതായി സ്ഥിരീകരണം. ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്. വിദേശത്ത് പോകാത്തവരിലും രോഗികളുമായി ഇടപഴക്കാത്തവരിലും രോഗം കണ്ടെത്തി തുടങ്ങിയതോടെയാണ് മുംബൈയിൽ സാമൂഹികവ്യാപനം തുടങ്ങിയതായി സ്ഥിരീകരിച്ചത്. 

മഹാരാഷ്ട്രയിലെ ആകെ രോഗികളുടെ എണ്ണം ഇതിനോടകം ആയിരം കടന്നിട്ടുണ്ട്. ബുധനാഴ്ച രാവിലെയുള്ള കണക്ക് പ്രകാരം 1018 കൊവിഡ് രോഗികളാണ് മഹാരാഷ്ട്രയിൽ മാത്രമുണ്ട്. ഇതിൽ 642 രോഗികളും മുംബൈ നഗരത്തിൽ നിന്നാണ്. പൂണെയിൽ 159  രോഗികളും താനെയിൽ 87 രോഗികളുമുണ്ട്. 

മുംബൈയിലെ ചേരികളിലും ജനസാന്ദ്രതയേറിയ ഇടങ്ങളിലുമാണ് ഇപ്പോൾ തുടർച്ചയായി കൊവിഡ് പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മുംബൈ കോർപ്പറേഷനിലെ ഒരു വാർഡിൽ തന്നെ 75 കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യമുണ്ട്. വോർളി, ലോവർ പരേൽ, പ്രഭാദേവി എന്നിവിടങ്ങളിലാണ് വ്യപകമായി കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. മത്സ്യത്തൊഴിലാളികളുടെ ചേരികളിൽ രോഗം അതിവേഗം വ്യാപിക്കുകയാണ്. 

അതേസമയം രോഗികളിലെ അൻപതിലേറെ ആരോഗ്യപ്രവർത്തകരും ഉൾപ്പെട്ടത് അധികൃതരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാനായി കൂടുതൽ വെൻ്റിലേറ്ററുകളും പിപിഇ കിറ്റുകളും ലഭ്യമാക്കാൻ മഹാരാഷ്ട്ര സർക്കാർ ശ്രമം തുടങ്ങി. അതേസമയം ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ രണ്ട് പേർക്ക് കൂടി ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം ഒൻപതായി. 25,35 വയസുള്ള രണ്ട് പുരുഷൻമാർക്കാണ് ഇന്ന് ധാരാവിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 

"

click me!