'കൊറോണ കുമാറും കൊറോണ കുമാരിയും'; കൊവിഡ് അവബോധത്തിനായി കുഞ്ഞുങ്ങൾക്ക് പേരിട്ട് ഡോക്ടർ

By Web TeamFirst Published Apr 8, 2020, 10:19 AM IST
Highlights

കൊറോണ പൊട്ടിപ്പുറപ്പെട്ട സമയത്ത് ലോകം അനുഭവിച്ച ബുദ്ധിമുട്ടുകൾ എന്തൊക്കെയാണെന്ന് ഈ കുഞ്ഞുങ്ങളുടെ പേരുകൾ എല്ലാവരേയും ഓർമ്മപ്പെടുത്തും. പ്രതികൂല സാഹചര്യങ്ങൾക്കെതിരായ വിജയത്തിന്റെ പ്രതീകമായി ഇരുവരും നിലനിൽക്കുമെന്നും ഡോക്ടർ പറഞ്ഞു. 

ഹൈദരാബാദ്: ആശങ്കയുടെ ഈ കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ പറഞ്ഞ വാക്കുകൾ കൊറോണ, കൊവിഡ്, ലോക്ക് ഡൗൺ എന്നിവ ആയിരിക്കും. അതുകൊണ്ട് തന്നെ പല സംസ്ഥാനങ്ങളിലും ഈ അടുത്ത കാലങ്ങളിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് നൽകിയ പേരും ഇവയൊക്കെയാണ്. ആന്ധ്രാപ്രദേശിൽ നിന്നും സമാനമായ ഒരു പേരിടൽ വാർത്തയാണ് ഇപ്പോൾ വരുന്നത്. 

എന്നാൽ, ഇത്തവണ പേരിന് കുറച്ച് വ്യത്യസ്തതയുണ്ട്. കടപ്പയിലെ വെമ്പള്ളി ഗ്രാമത്തിൽ ജനിച്ച രണ്ട് കുട്ടികൾക്ക് നൽകിയ പേര് കൊറോണ കുമാർ എന്നും കൊറോണ കുമാരി എന്നുമാണ്. എസ്എഫ് ബാഷ ആശുപത്രിയിലാണ് രമാദേവി, ശശികല എന്നിവർ ആൺകുഞ്ഞിനും പെൺകുഞ്ഞിനും ജന്മം നൽകിയത്.

പ്രസവം നടത്തിയ ഡോക്ടർ ബാഷയാണ് കുഞ്ഞുങ്ങൽക്ക് ഈ പേരുകൾ നിർദ്ദേശിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.'എല്ലാവരും ഇപ്പോൾ കൊറോണ വൈറസിനെ കുറിച്ചാണ് സംസാരിക്കുന്നത്. അപ്പോൾ ഇക്കാര്യത്തിൽ ഒരു അവബോധം സൃഷ്ടിക്കണമെന്ന് തോന്നി. അതുകൊണ്ട് തന്നെ രണ്ട് കുട്ടികളുടെയും മാതാപിതാക്കളുമായി സംസാരിച്ചു. അവരുടെ സമ്മതത്തോടെയാണ് കുഞ്ഞുങ്ങൾക്ക് ഈ പേര് നൽകിയത്'ഡോക്ടർ ബാഷ പറഞ്ഞു.

കൊറോണ പൊട്ടിപ്പുറപ്പെട്ട സമയത്ത് ലോകം അനുഭവിച്ച ബുദ്ധിമുട്ടുകൾ എന്തൊക്കെയാണെന്ന് ഈ കുഞ്ഞുങ്ങളുടെ പേരുകൾ എല്ലാവരേയും ഓർമ്മപ്പെടുത്തും. പ്രതികൂല സാഹചര്യങ്ങൾക്കെതിരായ വിജയത്തിന്റെ പ്രതീകമായി ഇരുവരും നിലനിൽക്കുമെന്നും ഡോക്ടർ പറഞ്ഞു. അമേരിക്കയിലെ ആദ്യത്തെ ബഹിരാകാശ നിലയം സമുദ്രത്തിൽ തകർന്നപ്പോൾ ആ സമയത്ത് ജനിച്ച കുഞ്ഞുങ്ങൾക്ക് ‘സ്കൈലാബ്’ എന്ന് പേരിട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

click me!