
ബെംഗളുരു: പാകിസ്ഥാനിലേക്ക് പോകാന്‍ അധ്യാപിക വിദ്യാര്‍ത്ഥികളോട് പറഞ്ഞെന്ന് പരാതി. കർണാടകയിലെ ശിവമോഗയിലാണ് സംഭവം. വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ബി നാഗരാജ് പറഞ്ഞെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
മഞ്ജുള ദേവി എന്ന കന്നട അധ്യാപികക്കെതിരെയാണ് പരാതി. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ ക്ലാസ്സില്‍ ബഹളമുണ്ടാക്കി. ഇതോടെ അധ്യാപിക രോഷാകുലയായി. 'ഇത് നിങ്ങളുടെ രാജ്യമല്ല, പാകിസ്ഥാനില്‍ പോകൂ' എന്ന് അധ്യാപിക വിദ്യാര്‍ത്ഥികളോട് പറഞ്ഞെന്നാണ് പരാതി.
26 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള മഞ്ജുള ദേവി, കഴിഞ്ഞ എട്ട് വര്‍ഷമായി ശിവമോഗയിലെ സ്കൂളിലാണ് പഠിപ്പിക്കുന്നത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപികയെ സ്ഥലം മാറ്റിയെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ബി നാഗരാജ് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെട്ടു- "കുട്ടികൾ ഈ സംഭവം പറഞ്ഞപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി. പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് (ഡിഡിപിഐ) പരാതി നൽകി. അധ്യാപികക്കെതിരെ വകുപ്പ് നടപടിയെടുക്കുകയും ചെയ്തു"- ജനതാദൾ എസ് ന്യൂനപക്ഷ വിഭാഗം ജില്ലാ പ്രസിഡന്റ് എ നസറുല്ല പറഞ്ഞു.
ഒരാഴ്ച മുന്‍പ് ദില്ലിയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തു. വിഭജന കാലത്ത് കുടുംബം എന്തുകൊണ്ട് പാകിസ്ഥാനിലേക്ക് പോയില്ലെന്ന് വിദ്യാർത്ഥികളോട് ചോദിച്ച അധ്യാപികയ്ക്ക് എതിരെ കേസെടുത്തു. ദില്ലിയിലെ ഗാന്ധിനഗറിലെ സർവോദയ ബാല വിദ്യാലയയിലെ അധ്യാപിക ഹേമ ഗുലാത്തിക്ക് എതിരെയാണ് കേസെടുത്തത്.
"വിഭജന സമയത്ത് നിങ്ങൾ പാകിസ്ഥാനിലേക്ക് പോയില്ല. നിങ്ങൾ ഇന്ത്യയിൽ താമസിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ നിങ്ങൾ ഒരു സംഭാവനയും നല്‍കിയില്ല" എന്ന് അധ്യാപിക പറഞ്ഞെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പറയുന്നത്. ഒന്‍പതാം ക്ലാസിലെ നാല് വിദ്യാർത്ഥികളാണ് പരാതി നല്‍കിയത്.
ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ സ്കൂളില്‍ മുസ്ലിം വിദ്യാര്‍ത്ഥിയെ അധ്യാപിക തല്ലിച്ച ദൃശ്യം പുറത്തുവന്നതിന് പിന്നാലെയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പ്രിൻസിപ്പലിന്റെ ചുമതലയുള്ള അധ്യാപികയായ ത്രിപ്ത ത്യാഗിയുടെ നിര്‍ദ്ദേശ പ്രകാരം മുസ്ലിം വിദ്യാർത്ഥിയെ സഹപാഠികൾ തല്ലുന്ന ദൃശ്യമാണ് പുറത്തുവന്നത്. അധ്യാപികയുടെ നിര്‍ദ്ദേശ പ്രകാരം ഒരു മണിക്കൂര്‍ സഹപാഠികള്‍ തല്ലിയെന്നാണ് മര്‍ദ്ദനമേറ്റ കുട്ടിയുടെ മൊഴി. 8 സഹപാഠികള്‍ മാറി മാറി തല്ലി. മര്‍ദ്ദിച്ചവരോട് കൂടുതല്‍ കടുപ്പത്തില്‍ വീണ്ടും വീണ്ടും അടിക്കാന്‍ അധ്യാപിക നിര്‍ദ്ദേശിച്ചു. ഒരു മണിക്കൂറോളം ക്രൂരത നേരിടേണ്ടി വന്നെന്നും കുട്ടി മൊഴി നല്‍കി.
എന്നാല്‍ സംഭവത്തിൽ വർഗീയതയില്ലെന്നും കുട്ടി ഗൃഹപാഠം ചെയ്യാത്തതിനാൽ ചില വിദ്യാർത്ഥികളോട് തല്ലാൻ ആവശ്യപ്പെട്ടതാണെന്നും അധ്യാപിക പറഞ്ഞു. താൻ ഭിന്നശേഷിക്കാരിയായതിനാലാണ് സഹപാഠികളെ ശിക്ഷിക്കാൻ ചുമതലപ്പെടുത്തിയതെന്നും അവർ വിശദീകരിച്ചു. അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു. അന്വേഷണത്തിന്‍റെ ഭാഗമായി സംഭവം നടന്ന നേഹ പബ്ലിക് സ്കൂള്‍ അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam