
ദില്ലി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് മാംസ-മത്സ്യത്തിന്റെ ഉപഭോഗം പൂര്‍ണമായി നിരോധിക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി. കോഴിയിറച്ചി, മുട്ട ഉപഭോഗം പ്രോത്സാഹിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെയാണ് വിശ്വ ജയിന്‍ സംഗതന്‍ എന്നയാള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. മൃഗങ്ങള്‍, പക്ഷികള്‍, മത്സ്യം എന്നിവയെ കൊല്ലുന്നത് പൂര്‍ണമായി നിരോധിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു.
കൊറോണവൈറസ് ഉത്ഭവം എവിടെനിന്നാണെന്ന് ഇപ്പോഴും കൃത്യമായി സ്ഥീരികരിച്ചിട്ടില്ലാത്തതിനാല്‍ ബയോളജിസ്റ്റുകളുടെ നിര്‍ദേശത്തെ പൂര്‍ണമായി അവഗണിക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. മൃഗങ്ങളില്‍ നിന്നാണോ വൈറസ് വ്യാപനമെന്ന് പരിശോധിക്കുകയാണ്. അതിനിടെ മാംസാഹാരം പ്രോത്സാഹിപ്പിക്കുന്നത് തെറ്റാണെന്നും ഇയാള്‍ പറയുന്നു.
മാംസാഹാരികള്‍ കാരണം സസ്യാഹാരികള്‍ സഹിക്കേണ്ടി വരുന്നതായും ഇയാള്‍ വാദിച്ചു. മാംസം ഭക്ഷിക്കുന്നവരെ ബാര്‍ബറിക് ഭക്ഷണശീലങ്ങള്‍ പിന്തുടരുന്നവരെന്നാണ് ഇയാള്‍ വിശേഷിപ്പിച്ചത്. മാര്‍ച്ച് 30നാണ് കൊവിഡിന് കോഴിയും മുട്ടയും കാരണമാകുന്നില്ലെന്നും ഇവയുടെ ഉപഭോഗം വര്‍ധിപ്പിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ആര്‍ട്ടിക്കിള്‍ 51 (ജി) പ്രകാരം പ്രകൃതി വിഭവങ്ങളെയും പ്രകൃതി സൃഷ്ടികളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ജീവികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും പ്രത്യേത നയം രൂപീകരിക്കണമെന്നും ജീവികളെ കൊല്ലുന്നത് നിരോധിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam