മാസ്‍ക്കില്ലെങ്കില്‍ പച്ചക്കറിയും പെട്രോളുമില്ല; ലോക്ക് ഡൗണ്‍ കാലത്ത് വ്യാപാരരംഗത്തെ ത്രിപുര മോഡല്‍

By Web TeamFirst Published Apr 23, 2020, 5:57 PM IST
Highlights

ലോക്ക് ഡൗണ്‍ കാലത്ത് സാമൂഹികാകലം ഉറപ്പിക്കാന്‍ ശക്തമായ നടപടികളാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്

അഗര്‍ത്തല: രാജ്യത്ത് കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി ത്രിപുരയിലെ വ്യാപാരികള്‍. മാസ്ക് ധരിച്ച് കടയില്‍ എത്താത്തവ‍ര്‍ക്കും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കും സാധനങ്ങള്‍ നല്‍കേണ്ട എന്നാണ് ഇവിടുത്തെ വ്യാപാരികളുടെ തീരുമാനം. 'മാസ്ക് ധരിക്കാത്തവര്‍ക്ക് പച്ചക്കറിയില്ല' എന്ന് അഗര്‍ത്തലയിലെ മഹാരാജ് ഗഞ്ച മാര്‍ക്കറ്റിന്‍റെ കവാടത്തില്‍ എഴുതിവച്ചിരിക്കുകയാണ് എന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അഗര്‍ത്തലയിലെ പ്രധാനപ്പെട്ട ഹോള്‍സെയില്‍ പച്ചക്കറി മാര്‍ക്കറ്റാണിത്. 

ലോക്ക് ഡൗണ്‍ കാലത്ത് സാമൂഹിക അകലം ഉറപ്പിക്കാന്‍ ശക്തമായ നടപടികളാണ് ത്രിപുരയില്‍ സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളെല്ലാം കര്‍ശനമായി നടപ്പാക്കാന്‍ ഹോള്‍സെയില്‍-റീട്ടെയില്‍ വ്യാപാരികള്‍ തീരുമാനിച്ചതായി പച്ചക്കറി വ്യാപാര സംഘടനയില്‍ അംഗമായ നകുല്‍ദാസ് പറഞ്ഞു. 

Read more: ലോക്ക് ഡൗണില്‍ ശുദ്ധവായു ശ്വസിച്ച് ഉത്തരേന്ത്യ; വായുമലിനീകരണം 20 വ‍ര്‍ഷത്തെ താഴ്ന്ന നിലയില്‍

ലോക്ക് ഡൗണ്‍ നിയമങ്ങള്‍ പാലിക്കാത്ത പലരെയും പച്ചക്കറികള്‍ നല്‍കാതെ മടക്കിയയച്ചായി ഒരു വ്യാപാരി വ്യക്തമാക്കി. സാമൂഹിക അകലം പാലിച്ച് ക്യൂ നില്‍ക്കുന്നവര്‍ക്ക് മാത്രമേ സാധനം നല്‍കൂ എന്ന് വ്യാപാരിയായ ഗൗരംഗ പാല്‍ വ്യക്തമാക്കി. അഗര്‍ത്തലയിലെ മറ്റ് മാര്‍ക്കറ്റുകളിലും സമാനമായാണ് നിയമങ്ങള്‍ നടപ്പാക്കുന്നത്. ആള്‍ക്കൂട്ടമുണ്ടാകുന്നത് തടയാന്‍ നഗരത്തിലെ മാര്‍ക്കറ്റുകളിലെല്ലാം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. 

പച്ചക്കറി വ്യാപാരികളുടെ അതേ പാതയിലാണ് പെട്രോള്‍ പമ്പുകളും എന്നതാണ് കൗതുകം. മാസ്ക്കില്ലെങ്കില്‍ പെട്രോളില്ല എന്നതാണ് അഗര്‍ത്തല ഉള്‍പ്പടെയുള്ള ഇടങ്ങളിലെ നയം. മാസ്ക് ധരിക്കേണ്ടതിന്‍റെ പ്രധാന്യം വ്യക്തമാക്കി ബോധവല്‍ക്കരണ ക്യാംപയിനും തുടക്കം കുറിച്ചിട്ടുണ്ട് ഇവിടത്തെ പെട്രോള്‍ പമ്പുടമകള്‍ എന്നാണ് റിപ്പോര്‍ട്ട്.  

Read more: കൊവിഡില്ലാത്ത ഇടങ്ങളില്‍ മദ്യ വില്‍പന പുനരാരംഭിക്കണം; ആവശ്യവുമായി സിഐഎബിസി 

click me!