Latest Videos

വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട: കേന്ദ്രത്തോട് സുപ്രീംകോടതി  

By Web TeamFirst Published May 2, 2022, 6:23 PM IST
Highlights

സ്പെഷ്യൽ സ്റ്റോറി: റോബിന്‍ മാത്യു മറ്റത്തിൽ / സീനിയർ റിപ്പോര്‍ട്ട‍ർ ദില്ലി

ദില്ലി: സർക്കാരുകള്‍ നിര്‍ബന്ധപൂർവം വാക്സീനെടുക്കണമെന്ന് ഉത്തരവിടുന്നത് വ്യക്തിനിയമത്തിന് എതിരാണെന്ന കൃത്യമായ നിലപാട് മുന്നോട്ട് വക്കുകയാണ് സുപ്രീംകോടതി. ആരെയും നിര്‍ബന്ധിച്ച് വാക്സീൻ എടുപ്പിക്കരുതെന്ന് കോടതി ഇന്ന് പറഞ്ഞു . ഭരണഘടനയിലെ ഇരുപത്തിയൊന്നാം അനുച്ഛേദം പരാ‍മർശിച്ച് വ്യക്തിയുടെ നിരസിക്കാനുള്ള അവകാശത്തെയും ശരീരവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാനുള്ള അവകാശത്തെയും കോടതി ചൂണ്ടിക്കാട്ടുകാട്ടി. എന്നാല്‍ പൊതു ജനാരോഗ്യം കണക്കിലെടുത്ത്  വ്യക്തി സ്വാതന്ത്ര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ ആവാമെന്നും കോടതി ഇന്ന് പറഞ്ഞു. ഇതോടൊപ്പം കേസുകള്‍ കുറവാണെങ്കിൽ പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിന് വാക്സീനേഷന്‍ നിര്‍ബന്ധമാക്കാരുതെന്നും ഇന്ന് കോടതി പറയുകയുണ്ടായി.

ചില സംസ്ഥാനങ്ങളില്‍ വാകീസിനെടുക്കാത്തവർക്ക് പലയിടങ്ങളിലും പ്രവേശന വിലക്കുള്ള സാഹചര്യത്തിലായിരുന്നു കോടതിയുടെ പരാമർശം പല സംസ്ഥാനങ്ങളും ഇപ്പോള്‍ ഏർപ്പെുത്തിയ നിയന്ത്രണങ്ങള്‍ ആനുപാതികമല്ലെന്നും കോടതി വിലയിരുത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള പൊതു ഇടങ്ങളിലെ പെരുമാറ്റം ശരിവെക്കുന്നതാണ് എന്നാല്‍ കേസുകള്‍ കുറഞ്ഞതിനാല്‍ വാക്സീന്‍ എടുക്കാത്തവരെ പൊതു ഇടങ്ങളില്‍ പ്രവേശിപ്പിക്കാതിരിക്കന്നതോ സേവനങ്ങള്‍ വിലക്കുന്നതോ അംഗീകരിക്കാനാകില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. ഏതെങ്കിലും സർക്കാരുകള്‍ ഇത്തരം തീരുമാനങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് പിന്‍വലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതോടൊപ്പം വാക്സീൻ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അടിയന്തരമായി പരസ്യപ്പെടുത്തണമെന്ന് കേന്ദ്രസർക്കാരിനോട് കോടതി ഇന്ന് ആവശ്യപ്പെട്ടു. ഡോക്ടർമാരില്‍ നിന്നും ജനങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള വിവരമെടുത്ത് വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താത്ത രീതിയില്‍  റിപ്പോര്‍ട്ട് ചെയ്യാനാണ് നിർദേശം. മുന്‍ വാക്സിനേഷന്‍ വിദഗ്ധ സമിതി അംഗം നല്‍കിയ ഹർജിയിലാണ് സുപീംകോടതിയുടെ ഈ വിഷയത്തിലുള്ള ഇടപെടല്‍.

എന്നാല്‍ ഹർജി ദേശീയ താല്‍പ്പര്യത്തിന് വിരുദ്ധമാണെന്നും വാക്സീന്‍ വിമുഖതയിലേക്ക് നയിക്കുമെനും കേന്ദ്രസർ‍ക്കാര്‍ കോടതിയില്‍ വാദിച്ചു. വാക്സീനേഷന്‍ നിര്‍ബന്ധമല്ലെന്നും സംസ്ഥാനങ്ങള്‍ അടിയന്തര സാഹചര്യം കണക്കിലെടുത്ത് നിര്‍ബന്ധമാക്കുകയായിരുന്നുവെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞു. വാക്സീനെടുക്കുന്നത് നിര്‍ബന്ധമാക്കിയത് പൊതു സുരക്ഷ കണക്കിലെടുത്താണെന്നായിരുന്നു തമിഴ്നാട്, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ കോടതിയില്‍ വ്യക്തമാക്കി.

അതേസമയം വാക്സീനുകളുടെ ട്രയല്‍ വിവരങ്ങൾ പൊതുജനമധ്യത്തിലുണ്ടെന്നായിരുന്നു സിറം, ഭാരത് ബയോടെക് കമ്പനികളുടെ കോടതിയിലെ വാദം. കോടതിയില്‍ വാക്സീൻ സംബന്ധിച്ച വാദം നടക്കുന്നപോള്‍ രാജ്യത്ത് കൊവിഡ് നാലാം തരംഗം നിലവില്‍ ഇല്ലെന്ന് ഐ സി എം ആർ പ്രതികരിച്ചു. രാജ്യവ്യാപകമായി കേസുകള്‍ ഉയരുന്നില്ല. കേസുകളില്‍ പ്രാദേശികമായ വര്‍ധനവ് മാത്രമാണ് ഉള്ളതെന്നും ഐ സി എം ആര്‍ പറഞ്ഞു. ഇതോടൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പികുന്നവരുടെ എണ്ണം കുറവാണെന്നും ഐ സി എം ആര്‍ അധികൃതർ ചൂണ്ടിക്കാട്ടി. ഇന്നത്തെ കണക്ക് അനുസരിച്ച് 19,500 പേരാണ് രാജ്യത്ത് കൊവി്ഡ് ബാധിച്ച് ചികിത്സയിലുള്ളത്. 1.07 ശതമാനമാണ് പ്രതിദിന പൊസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 3157 പേര്‍ക്ക് കൊവിഡ് കൂടി സ്ഥിരീകരിക്കുകയും 26 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുകയും ഉണ്ടായി.

സ്പെഷ്യൽ സ്റ്റോറി: റോബിന്‍ മാത്യു മറ്റത്തിൽ / സീനിയർ റിപ്പോര്‍ട്ട‍ർ ദില്ലി

'നിർബന്ധിത വാക്സിനേഷൻ വേണ്ട'; 'വിലക്കും പാടില്ല'; പൊതുതാൽപര്യം കണക്കിലെടുത്ത് നിയന്ത്രണമാകാം-സുപ്രീംകോടതി

click me!