'ദിഗ്‍വിജയ് സിംഗ് തോറ്റാല്‍ താന്‍ സമാധിയാകാമെന്ന് പറഞ്ഞിട്ടില്ല'; ഇപ്പോള്‍ പിന്തുണ ബിജെപിക്കെന്നും കമ്പ്യൂട്ടര്‍ ബാബ

By Web TeamFirst Published May 26, 2019, 3:12 PM IST
Highlights

ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ്‍വിജയ് സിംഗിന്‍റെ വിജയത്തിനായി കമ്പ്യൂട്ടര്‍ ബാബ യാഗം നടത്തിയിരുന്നു.

ഇന്‍ഡോര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മിന്നും വിജയം സ്വന്തമാക്കിയതോടെ കളംമാറ്റി ചവിട്ട് കമ്പ്യൂട്ടര്‍ ബാബ. ബിജെപിയെ പിന്തുണയ്ക്കുമെന്ന് കമ്പ്യൂട്ടര്‍ ബാബ അറിയിച്ചു.  ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ്‍വിജയ് സിംഗിന്‍റെ വിജയത്തിനായി കമ്പ്യൂട്ടര്‍ ബാബ യാഗം നടത്തിയിരുന്നു. കൂടാതെ ദിഗ്‍വിജയ് സിംഗിന് വേണ്ടി വർഗീയ വികാരം ഇളക്കുന്നതരത്തിൽ കമ്പ്യൂട്ടര്‍ ബാബ പ്രചാരണം നടത്തിയെന്ന് കാണിച്ച്  ബിജെപി നൽകിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് വരെ അയച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ ബിജെപിക്ക് വീണ്ടും പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പ്യൂട്ടര്‍ ബാബ.

രാമക്ഷേത്രം പണിയുകയും ഗംഗാ നദി വൃത്തിയാക്കുകയും ചെയ്താല്‍ സന്യാസി സമൂഹം  നരേന്ദ്ര മോദിയെ പിന്തുണയ്ക്കുമെന്നാണ് കമ്പ്യൂട്ടര്‍ ബാബ പറയുന്നത്.വിജയത്തില്‍ നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു. രാമക്ഷേത്രം പണിയാനും ഗംഗാ നദി ശുചിയാക്കാനും പ്രധാനമന്ത്രിക്ക് എല്ലാ സഹായവും നല്‍കുമെന്നും കമ്പ്യൂട്ടര്‍ ബാബ പറഞ്ഞു. 

തെരഞ്ഞെുപ്പില്‍ ദിഗ്‍വിജയ് സിംഗ് തോറ്റാല്‍ താന്‍ സമാധിയാകുമെന്ന് പറഞ്ഞിട്ടില്ലെന്നും കമ്പ്യൂട്ടര്‍ ബാബ പറഞ്ഞു. ദിഗ്‍വിജയ് സിംഗ് പരാജയപ്പെട്ടാല്‍ സമാധിയാകുമെന്ന് പ്രതിഞ്ജ എടുത്തത് സ്വാമി വൈരഗ്യാനന്ദാണ്. എന്നാല്‍ സമാധിയാകുമെന്ന പ്രതിഞ്ജ എടുത്തതിന് അദ്ദേഹത്തെ പഞ്ചായത്തി നിര‍ഞ്ജനി അഖാരയില്‍ നിന്നും പുറത്താക്കിയെന്ന് കേട്ടതായും കമ്പ്യൂട്ടര്‍ ബാബ പറഞ്ഞു.

മധ്യപ്രദേശിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ശിവ് രാജ് സിംഗ് ചൗഹാൻ സർക്കാരിന്‍റെ കാലത്ത് മന്ത്രി പദവി ഉണ്ടായിരുന്ന സന്യാസിയാണ് കമ്പ്യൂട്ടർ ബാബ. എന്നാൽ രാമക്ഷേത്രമടക്കമുള്ള വിഷയത്തിൽ ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ ശേഷമാണ് കമ്പ്യൂട്ടർ ബാബ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ദിഗ് വിജയ് സിംഗിന് വേണ്ടി രംഗത്തിറങ്ങിയത്.

click me!