സ്മൃതി ഇറാനിയുടെ സഹായിയുടെ കൊലപാതകം; പ്രതികൾ അറസ്റ്റിലെന്ന് സൂചന: പിന്നിൽ കോൺ​ഗ്രസെന്ന് കുടുംബം

By Web TeamFirst Published May 26, 2019, 1:14 PM IST
Highlights

ബരോളിയ ​ഗ്രാമത്തിലെ മുൻ ഗ്രാമ തലവൻ കൂടിയായ സുരേന്ദ്ര സിം​ഗിന് നേരെ വെടിയുതിർത്ത രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ‍ൃത്തങ്ങൾ അറിയിച്ചു. 

അമേഠി: സ്മൃതി ഇറാനിയുടെ അമേഠിയിലെ സഹായി വെടിയേറ്റ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ബരോളിയ ​ഗ്രാമത്തിലെ മുൻ ഗ്രാമ തലവൻ കൂടിയായ സുരേന്ദ്ര സിം​ഗിന് നേരെ വെടിയുതിർത്ത രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ‍ൃത്തങ്ങൾ അറിയിച്ചു. കേസിൽ സംശായാസ്പദമായ ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. രാഷ്ട്രീയ വൈരാ​ഗ്യമോ പഴയ തർക്കമോ ആയിരിക്കാം കൊലപാതകത്തിന് പിന്നില്ലെന്നാണ് പ്രാഥമിക നി​ഗമനമെന്നും എസ്പി വ്യക്തമാക്കി.   

അതേസമയം കൊലപാതകത്തിന് പിന്നാൽ കോൺ​ഗ്രസ് ആണെന്ന് ആരോപിച്ച് സുരേന്ദ്ര സിംഗിന്റെ കുടുംബം രം​ഗത്തെത്തി. ഇത്തരം അതിക്രമങ്ങൾ കണ്ടുനിൽക്കാനാകില്ല. പക്ഷെ ഇതിന് പിന്നിൽ കോൺ​ഗ്രസ് പ്രവർത്തകരാണെന്ന കാര്യം പകൽപോലെ വ്യക്തമാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ സ്മൃതി ഇറാനിക്കും ബിജെപിക്കും വേണ്ടി തന്റെ പിതാവ് രാപ്പകൽ പ്രചാരണത്തിന് ഇറങ്ങിയതാണ്. അതിന്റെ ഫലമായാണ് ബിജെപി മണ്ഡലത്തിൽ ഇത്രയും വോട്ട് നേടിയതെന്നും സുരേന്ദ്ര സിം​ഗിന്റെ മകൻ അഭയ് മാധ്യമങ്ങളോട് പറ‍ഞ്ഞു.  

ശനിയാഴ്ച പുലർച്ചെ ബൈക്കിലെത്തിയ അക്രമികൾ വീടിന് മുന്നിൽ ഇരിക്കുകയായിരുന്ന പിതാവിന് നേരെ നിറയൊഴിക്കുകയായിരുന്നു. വെടിയുതിർക്കുന്നതിന്റെ ശബ്ദം കേട്ട് ഉമ്മറത്തെത്തിയപ്പോഴാണ് തലയ്ക്ക് വെയിയേറ്റ് രക്തത്തിൽ കുളിച്ച് കിടക്കുന്ന പിതാവിനെ കാണുന്നത്. പിതാവിനെ ഉടനെ അടുത്തുള്ള സർക്കാർ ആശുപത്രിയിലും അവിടുന്ന് ലഖ്നൗവിലെ ട്രൂമ സെന്ററിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്മൃതി ഇറാനി വീട് സന്ദർശിക്കാനിരിക്കെയായിരുന്നു പിതാവിന്റെ കൊലപാതകമെന്നും അഭയ് പറഞ്ഞു.  

2014-ലെ തെരഞ്ഞെടുപ്പ് മുതൽ സ്മൃതിക്കൊപ്പം പ്രവർത്തിക്കുന്നയാളാണ് സുരേന്ദ്ര. ലോക്സഭ തെരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം നേടിയ സ്മൃതി ഇറാനിയുടെ അനുനായി വെടിയേറ്റ് മരിച്ചെന്ന വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് അമേഠിയിലെ ജനങ്ങൾ. 42 വര്‍ഷത്തിന് ശേഷം ഗാന്ധി കുടുംബത്തിന്‍റെ പരമ്പരാഗത മണ്ഡലമായ അമേഠിയില്‍ കൊടി നാട്ടിയതോടെ ബിജെപിയില്‍ തന്നെ ജൈന്‍റ് കില്ലറെന്ന വിളിപ്പേരിന് അര്‍ഹയായിരിക്കുകയാണ് സ്മൃതി ഇറാനി. 2014-ലെ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ പരാജയപ്പെട്ടെങ്കിലും അതേ മണ്ഡലത്തില്‍ തന്നെ വീണ്ടും മത്സരിച്ച്, അന്ന് തന്നെ പരാജയപ്പെടുത്തിയ രാഹുല്‍ ഗാന്ധിയെ മലര്‍ത്തിയടിച്ചാണ് സ്മൃതി തിളക്കുള്ള വിജയം നേടിയിരിക്കുന്നത്. 
 

click me!