കോടതിയലക്ഷ്യ കേസ്: പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് സുപ്രീം കോടതി

By Web TeamFirst Published Aug 14, 2020, 11:49 AM IST
Highlights

​ഗുരുതരമായ കോടതിയലക്ഷ്യമാണ് പ്രശാന്ത് ഭൂഷൺ നടത്തിയത്. അദ്ദേഹത്തിനെതിരായ കോടതി അലക്ഷ്യ കേസ് നിലനിൽക്കും. കേസുമായി മുന്നോട്ട് പോകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

ദില്ലി: ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയെ ട്വിറ്ററിൽ വിമര്‍ശിച്ച അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ കോടതി അലക്ഷ്യ കേസിൽ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി. പ്രശാന്ത് ഭൂഷനെതിരെയുള്ള ശിക്ഷ ഓഗസ്റ്റ് 20ന് തീരുമാനിക്കും. പ്രശാന്ത് ഭൂഷണ്‍ ചെയ്തത് ഗുരുതര കോടതി അലക്ഷ്യമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കൊവിഡ് കാലത്ത് ആഡംബര ബൈക്കായ ഹാര്‍ലി ഡേവിസണിൽ  ഹെൽമെറ്റും മാസ്കും ഇല്ലാതെ ചീഫ് ജസ്റ്റിസ്  എസ് എ ബോബ്ഡെ ഇരിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് നടത്തിയ പരാര്‍ശത്തിനാണ് അഭിഭാഷകനായ പ്രശാന്ത് ഭൂഷനെതിരെ സുപ്രീംകോടതി സ്വമേധയ കോടതി അലക്ഷ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത് കോടതിയെ അപകീര്‍ത്തിപ്പെടുത്തലും ഗുരുതരമായ കോടതി അലക്ഷ്യവുമാണെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചത്. 

ചീഫ് ജസ്റ്റിസിനെ വിമര്‍ശിക്കുന്നത് കോടതിയെ അപകീര്‍ത്തിപ്പെടുത്തലല്ല, ജഡ്ജി എന്നാൽ കോടതി അല്ല തുടങ്ങിയ പ്രശാന്ത് ഭൂഷന്‍റെ വാദങ്ങൾ തള്ളി. വിയോജിപ്പുകളും വിമര്‍ശനങ്ങളും അടിച്ചമര്‍ത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണെന്ന വാദങ്ങളും കോടതി തള്ളി.  ഓഗസ്റ്റ്
20ന് പ്രശാന്ത് ഭൂഷന്‍റെ ശിക്ഷ തീരുമാനിക്കാനുള്ള വാദം നടക്കും. ചില മുൻ ചീഫ് ജസ്റ്റിസുമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങൾ കൂടി പരിശോധിച്ചാണ് കടുത്ത നടപടിയിലേക്ക് സുപ്രീംകോടതി പ്രശാന്ത് ഭൂഷനെതിരെ നീങ്ങുന്നത്. 

കോടതി അലക്ഷ്യ കേസിൽ പരമാവധി ആറുമാസത്തെ ശിക്ഷയാണ് നൽകാനാവുക. പരമാവധി ശിക്ഷ നൽകണമെന്ന് കോടതി തീരുമാനിച്ചാൽ ആറുമാസം പ്രശാന്ത് ഭൂഷന് ജയിലിൽ കിടക്കേണ്ടിവരും. തെഹൽക മാഗസിന് നൽകിയ ഒരു അഭിമുഖത്തിനെതിരെയുള്ള കോടതി അലക്ഷ്യ കേസും പ്രശാന്ത് ഭൂഷനെതിരെയുണ്ട്. സുപ്രീംകോടതിക്കെതിരെ പരാമര്‍ശം നടത്തിയതിന് നേരത്തെ കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന കര്‍ണനെ ആറുമാസത്തെ കോടതി അലക്ഷ്യത്തിന് സുപ്രീംകോടതി ശിക്ഷിച്ചിട്ടുണ്ട്.

Read Also: കശ്മീരിൽ പൊലീസ് സംഘത്തിന് നേരെ ഭീകരാക്രമണം; 2 പേര്‍ക്ക് വീരമൃത്യു, 2 പേര്‍ ഗുരുതരാവസ്ഥയിൽ...

 

click me!