
ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആന്ധ്രാപ്രദേശിൽ കോണ്ടവും പ്രചരണായുധമാക്കി രാഷ്ട്രീയ പാർട്ടികൾ. സംസ്ഥാനത്തെ രണ്ട് പ്രധാന പാർട്ടികളും അവരുടെ പാർട്ടി ചിഹ്നങ്ങൾ അച്ചടിച്ച കോണ്ടം പാക്കറ്റുകൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്തു. ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസിന്റെയും പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയുടെയും (ടിഡിപി) ചിഹ്നങ്ങൾ അടയാളപ്പെടുത്തിയ കോണ്ടം പായ്ക്കുകൾ പാർട്ടി പ്രവർത്തകർ വോട്ടർമാർക്ക് വിതരണം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ലോക്‌സഭാ തെരഞ്ഞെടുപ്പിനായി വീടുവീടാന്തരം കയറി പ്രചാരണം നടത്തുന്ന പാർട്ടി നേതാക്കൾ കോണ്ടം പാക്കറ്റുകളും വിതരണം ചെയ്യുന്നതയും ആരോപണം ഉയർന്നു. അതേസമയം, കോണ്ടം വിതരണത്തിൽ ഇരു പാർട്ടികളും പരസ്പരം ആക്ഷേപിച്ച് രംഗത്തെത്തി. ടിഡിപിയുടെ നിലവാരം എത്ര താഴ്ന്നു എന്നതിന്റെ ഉദാഹരണമാണ് കോണ്ടം വിതരണമെന്ന് വൈഎസ്ആർ കോൺഗ്രസ് എക്സിൽ ആരോപിച്ചു.
ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ചിഹ്നം പതിപ്പിച്ച കോണ്ടം പാക്കറ്റുകള്‍
പൊതുജനങ്ങൾക്ക് വയാഗ്ര വിതരണം ചെയ്യാൻ തുടങ്ങുമോയെന്നും വൈഎസ്ആർ കോൺഗ്രസ് ചോദിച്ചു. തൊട്ടുപിന്നാലെ വൈഎസ്ആർ കോൺഗ്രസിന്റെ ചിഹ്നം പതിച്ച കോണ്ടം പാക്കറ്റുകളുടെ ചിത്രങ്ങളും ടിഡിപിയും പോസ്റ്റ് ചെയ്തു.