കർണാലിൽ കർഷകപ്രതിഷേധത്തിനിടെ സംഘർഷം: പൊലീസ് ലാത്തി വീശി; നിരവധി കർഷകർക്ക് പരിക്ക്

By Web TeamFirst Published Aug 28, 2021, 4:04 PM IST
Highlights

സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി സംയുക്ത കിസാൻ മോർച്ച രം​ഗത്തെത്തിയിട്ടുണ്ട്. 

ദില്ലി: ഹരിയാനയിലെ കർണാലിലെ കർഷക പ്രതിഷേധത്തിൽ പൊലീസുമായുണ്ടായ സംഘർഷത്തിൽ നിരവധി കർഷകർക്ക് പരിക്ക്. സംഘർഷത്തെ നേരിടാൻ പൊലീസ് ലാത്തി വീശിയതിനെ തുടർന്നാണ് സംഭവം. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ വിളിച്ചു ചേർത്ത ബി ജെ പി ജനപ്രതിനിധികളുടെ യോഗത്തിനെതിരെ ആയിരുന്നു കർഷകരുടെ പ്രതിഷേധം. കർഷകരുടെ മൂന്നാം ഘട്ട സമര പ്രഖ്യാപനത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.  കർഷക പ്രക്ഷോഭം നടക്കുന്ന കർണാലിലേക്കുള്ള എല്ലാ പ്രവേശനകവാടങ്ങളിലും സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധത്തെ നേരിടാൻ അടുത്ത സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസ് ഉദ്യോ​ഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി സംയുക്ത കിസാൻ മോർച്ച രം​ഗത്തെത്തിയിട്ടുണ്ട്. ഹരിയാനയിലെ എല്ലാ ദേശീയപാതകളും ഉപരോധിക്കാൻ കിസാൻ മോർച്ച ആഹ്വാനം ചെയ്തു. കൂടൂതൽ കർഷകർ കർണാൽ ടോൾ പ്ലാസക്ക് സമീപം സംഘടിച്ചെത്തുന്നുണ്ട്. സംഘർഷത്തിൽ 50 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യക്തമാക്കി. 

കേന്ദ്രസർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചാണ് കർഷക സംഘടനകൾ ​ഗുരുദ്വാര കർ സേവയിൽ പ്രതിഷേധക്കാരുടെ യോ​ഗം വിളിച്ചു ചേർത്തത്. കർഷകരുടെ ഒത്തുചേരൽ ഒഴിവാക്കാൻ ​ഗുരുദ്വാരയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും ജില്ലാ ഭരണകൂടം അടച്ചുപൂട്ടിയിരുന്നു. സമാധാനപരമായ അന്തരീക്ഷത്തിൽ പ്രതിഷേധം നടത്താൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ക്രമസമാധാനം തർക്കാൻ ആരെയും അനുവദിക്കില്ലെന്നും കർണാൽ പൊലീസ് സൂപ്രണ്ട് ​ഗം​ഗാറാം പുനിയ പറഞ്ഞു. 

സംസ്ഥാനത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെക്കുറിച്ചുളള ചർച്ചക്ക് വേണ്ടിയാണ് യോ​ഗം സംഘടിപ്പിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. രാവിലെ 10 മുതൽ വൈകിട്ട് 3 മണിവരെയുള്ള യോ​ഗത്തിൽ കാബിനറ്റ് മന്ത്രിമാർ, എംപിമാർ എന്നിവർ സംബന്ധിച്ചു. ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് വരാനുള്ള കർഷകരുടെ ശ്രമമാണ് സംഘർഷത്തിന് കാരണമെന്നാണ് ഹരിയാന പൊലീസിന്റെ വിശദീകരണം

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!