തെരഞ്ഞെടുപ്പ് അടുക്കവേ എന്‍ഡിഎയില്‍ പൊട്ടിത്തെറി, ബിഹാറിൽ പുറത്തേക്കെന്ന സൂചന നല്‍കി എല്‍ജെപി

By Web TeamFirst Published Sep 5, 2020, 12:52 PM IST
Highlights

നിതീഷ് കുമാറുമായി ഇനി സഹകരിച്ച് മുന്‍പോട്ട് പോകാനാവില്ലെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍റെ മകനും പാര്‍ട്ടി അധ്യക്ഷനുമായ ചിരാഗ് പാസ്വാന്‍ എംപി  

പറ്റ്ന: നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ ബിഹാര്‍ എന്‍ഡിഎയില്‍ പൊട്ടിത്തെറി. സഖ്യത്തില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് മുഖ്യഘടകകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി വ്യക്തമാക്കി. തിങ്കളാഴ്ച ചേരുന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം അന്തിമ തീരുമാനമെടുക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ പറഞ്ഞു. സര്‍ക്കാരുമായി കാലങ്ങളായി ലോക് ജനശക്തി പാര്‍ട്ടി തുടരുന്ന അസ്വാരസ്യം പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. നിതീഷ് കുമാറുമായി ഇനി സഹകരിച്ച് മുന്‍പോട്ട് പോകാനാവില്ലെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍റെ മകനും പാര്‍ട്ടി അധ്യക്ഷനുമായ ചിരാഗ് പാസ്വാന്‍ എംപി വ്യക്തമാക്കി കഴിഞ്ഞു. 

കൊവിഡിലടക്കം സര്‍ക്കാര്‍ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയ ചിരാഗ് പാസ്വാന്‍ സഖ്യത്തിന് പുറത്തേക്കെന്ന സൂചനകള്‍ നേരത്തെ നല്‍കിയിരുന്നു. സഖ്യത്തില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയേയും അറിയിച്ചതായാണ് വിവരം.  ഈ തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നീതീഷ് കുമാറിനെ ബിജെപി ഉയര്‍ത്തിക്കാട്ടിയത് ചിരാഗ് പാസ്വാനെ  ചൊടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിന് മുന്നണിയിലുള്ള എല്ലാ കക്ഷികള്‍ക്കും തുല്യ അവകാശമുണ്ടെന്ന ചിരാഗ് പസ്വാന്‍റെ വാദം ബിജെപി മുഖവിലക്കെടുത്തതുമില്ല. 

മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച എന്‍ഡിഎയുടെ ഭാഗമായതും എല്‍ജെപിയെ അസന്തുഷ്ടി ഇരട്ടിയാക്കി. അതേ സമയം ചിരാഗ് പാസ്വാന്‍റെ സമ്മര്‍ദ്ദത്തെ മുഖവിലക്കെടുക്കേണ്ടെന്നാണ് നിതീഷ് കുമാറിന്‍റെ നിലപാട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നാല്‍പത് സീറ്റുകളില്‍ മത്സരിച്ച എല്‍ജെപിക്ക്  രണ്ടിടത്ത് മാത്രമാണ് വിജയിക്കാനായത്. 

click me!