മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി എന്‍ഡിഎയില്‍ തര്‍ക്കം മുറുകുന്നു; മഹാരാഷ്ട്രയില്‍ ബിജെപി നിയമസഭാ കക്ഷിയോഗം ഇന്ന്

By Web TeamFirst Published Oct 30, 2019, 7:12 AM IST
Highlights

ആദിത്യ താക്കറെയെ രണ്ടര വർഷം മുഖ്യമന്ത്രിയാക്കുമെന്ന് ഉറപ്പ് തരാതെ ഇനി ചർച്ച വേണ്ടെന്നാണ് ശിവസേന പറയുന്നത്. 

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിൽ എൻഡിഎയിൽ തർക്കം മുറുകുന്നതിനിടെ ബിജെപിയുടെ നിയമസഭാ കക്ഷിയോഗം ഇന്ന് ചേരും. മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാനുള്ള സേനയുടെ ആവശ്യത്തിന് വഴങ്ങില്ലെന്ന് ദേവേന്ദ്ര ഫഡ്നാവിസ് യോഗത്തെ അറിയിക്കും.യോഗത്തിന് അമിത് ഷാ നേരിട്ടെത്തിയേക്കില്ല. ആദിത്യ താക്കറെയെ രണ്ടര വർഷം മുഖ്യമന്ത്രിയാക്കുമെന്ന് ഉറപ്പ് തരാതെ ഇനി ചർച്ച വേണ്ടെന്നാണ് ശിവസേന പറയുന്നത്. ഇല്ലാത്ത വാഗ്‍ദാനത്തിന്‍റെ പേരിൽ കള്ളപ്രചാരണം നടത്തി മുഖ്യമന്ത്രിയാവാമെന്ന് ആരും കരുതേണ്ടെന്ന് ഫഡ്നാവിസ് പറഞ്ഞു. സർക്കാർ രൂപീകരണം മുന്നണിക്കുള്ളിലെ ബലപരീക്ഷണമാവുന്നതിനിടെയാണ് ബിജെപിയുടെ നിയമസഭാ കക്ഷിയോഗം ഇന്ന് നടക്കുന്നത്. 

യോഗത്തിന് അമിത് ഷാ നേരിട്ടെത്തുമെന്നും യോഗശേഷം ഉദ്ദവുമായി ചർച്ച നടത്തുമെന്നും ബിജെപി ഓഫീസ് നേരത്തെ അറിയിച്ചിരുന്നെങ്കിലും അമിത് ഷാ വരില്ലെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം. കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമർ, ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് അവിനാശ് റായ് ഖന്ന എന്നിവർ പകരം നിരീക്ഷകരായി എത്തും. ഇന്നലെ ശിവസേന ബിജെപി ചർച്ച തീരുമാനിച്ചിരുന്നെങ്കിലും രാവിലെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രസാദ് ലാഡ് ഉദ്ദവ് താക്കറെയെ മതോശ്രീയിൽ സന്ദ‌‍ർശിച്ചതിന് പിന്നാലെ റദ്ദാക്കി. ഫഡ്നാവിസിന്‍റെ കടുത്ത നിലപാട് ഉദ്ദവിനെ കൂടിക്കാഴ്ചയിൽ അറിയിച്ചു. അമിത് ഷാ ശിവസേനയ്ക്ക് ഉറപ്പൊന്നും നൽകിയില്ലെന്ന ഫഡ്നാവിസിന്‍റെ വാദം പച്ചക്കള്ളമെന്ന് പിന്നാലെ ശിവസേന നേതാക്കൾ തിരിച്ചടിച്ചിരുന്നു. നാല് സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണകൂടി ഉറപ്പിച്ച സേന പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് അമിത് ഷാ യാത്ര റദ്ദാക്കുന്നത്


 

click me!