നവ്ജോത് കൗർ സിദ്ദുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.  രാജിവെച്ചതാണെന്ന് കൗർ അവകാശപ്പെട്ടതിന് പിന്നാലെയാണ് നടപടി. രാഹുൽ ഗാന്ധിയെ 'പപ്പു' എന്ന് വിളിച്ച് പരിഹസിച്ച കൗർ, അദ്ദേഹത്തിന് അടിസ്ഥാന യാഥാർത്ഥ്യങ്ങളെക്കുറിച്ച് അറിവില്ലെന്നും വിമർശിച്ചു.

ദില്ലി: പഞ്ചാബ് കോൺഗ്രസ് മുൻ മേധാവി നവ്ജോത് സിംഗ് സിദ്ദുവിന്റെ ഭാര്യ നവ്ജോത് കൗർ സിദ്ദുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി എഐസിസി ജനറൽ സെക്രട്ടറി ഭൂപേഷ് ബാഗേൽ അറിയിച്ച . കോൺഗ്രസിൽ നിന്ന് രാജിവച്ചതായി മുൻ എംഎൽഎ അവകാശപ്പെട്ടതിന് ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് പ്രഖ്യാപനം. പിന്നാലെ, പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയെ പരിഹസിച്ച് കൗർ രം​ഗത്തെത്തി. പപ്പു എന്ന പേര് അന്വർഥമാക്കിയെന്ന് കൗർ പറഞ്ഞു. കൗറിനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. പക്ഷേ ഇപ്പോൾ പുറത്താക്കിയിയെന്ന് ഭാഗേൽ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

അമൃത്സറിലെ മുൻ കോൺഗ്രസ് എംഎൽഎ രാജ്കുമാർ വെർക്കയുടെ വസതിയിൽ പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിപിസിസി) മേധാവി അമരീന്ദർ സിംഗ് രാജ വാറിങ്ങിനൊപ്പം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ഭാ​ഗേൽ.

500 കോടി രൂപയുടെ സ്യൂട്ട്കേസ് നൽകുന്നയാൾ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് ആരോപിച്ച് കൗർ വിവാ​ദത്തിന് തുടക്കമിട്ടു. തുടർന്ന് 2025 ഡിസംബർ 8 ന് കോൺഗ്രസ് കൗറിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ജനുവരി 31 ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ കോൺഗ്രസിൽ നിന്ന് രാജിവച്ചതായി കൗർ അറിയിച്ചു.

ബാഗേലിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സോഷ്യൽ മീഡിയയിൽ കൗർ ഗാന്ധിയെ വിമർശിച്ചു. സത്യസന്ധനും അറിവുള്ളവനുമായ ഒരേയൊരു വ്യക്തിയാണ് താനെന്ന് കരുതുന്ന നേതാവാണ് രാഹുലെന്നും അടിസ്ഥാന യാഥാർത്ഥ്യങ്ങളെക്കുറിച്ച് അദ്ദേഹത്തിന് പൂർണ്ണമായ അറിവില്ലെന്നും കൗർ പറഞ്ഞു. 2012ൽ ബിജെപി തന്റെ കഴിവ് തിരിച്ചറിഞ്ഞുവെന്നും, ഡോക്ടറായി ജോലി ചെയ്തിരുന്ന 2012-ൽ അവർ എംഎൽഎയാക്കിയെന്നും ചീഫ് പാർലമെന്ററി സെക്രട്ടറിയാക്കിയെന്നും അവർ പറഞ്ഞു.

എന്നാൽ, പുതിയ സംഭവവികാസങ്ങളിൽ ഇതുവരെ ബിജെപി നേതാക്കളെ കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു. ആരും എന്നെ സമീപിച്ചിട്ടുമില്ല. എന്റെ സമയം പഞ്ചാബിലെ ജനങ്ങൾക്ക് വേണ്ടി മാത്രമാണ്, രാഷ്ട്രീയമില്ലാതെ എനിക്ക് അവർക്കുവേണ്ടി പ്രവർത്തിക്കാൻ കഴിയുമെന്നും കൗർ പറഞ്ഞു. അതേസമയം, മുതിർന്ന നേതാക്കൾക്കെതിരെ ഭാര്യ നടത്തിയ പ്രസ്താവനകളിൽ നവജ്യോത് സിങ് സിദ്ധു മൗനം പാലിച്ചു. 2012 ൽ ബിജെപി ടിക്കറ്റിൽ അമൃത്സർ ഈസ്റ്റിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട കൗർ, ശിരോമണി അകാലിദൾ-ബിജെപി സഖ്യ സർക്കാരിൽ ചീഫ് പാർലമെന്ററി സെക്രട്ടറിയായിരുന്നു. പിന്നീട് ഭർത്താവിനൊപ്പം അവർ കോൺഗ്രസിൽ ചേർന്നു. 2017 ൽ, ഭർത്താവ് അമൃത്സർ ഈസ്റ്റ് സീറ്റിൽ നിന്ന് മത്സരിച്ച് വിജയിച്ചു. 2018 ൽ, ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിനു കീഴിൽ പഞ്ചാബ് വെയർഹൗസിംഗ് കോർപ്പറേഷന്റെ ഡയറക്ടറും ചെയർപേഴ്‌സണുമായി നിയമിതയായി.