കോൺഗ്രസിൽ ആഭ്യന്തര തർക്കം രൂക്ഷം; സോണിയ ഗാന്ധി വിളിച്ച യോഗത്തിൽ നേതാക്കൾ കൊമ്പുകോർത്തു

Web Desk   | Asianet News
Published : Jul 31, 2020, 02:01 PM IST
കോൺഗ്രസിൽ ആഭ്യന്തര തർക്കം രൂക്ഷം; സോണിയ ഗാന്ധി വിളിച്ച യോഗത്തിൽ നേതാക്കൾ കൊമ്പുകോർത്തു

Synopsis

രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ വീഴ്ചകളാണ് 2014ലെ ലോകസ്ഭ തെരഞ്ഞെടുപ്പിലും പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക് തിരിച്ചടിയായതെന്ന് മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും രാഹുല്‍ഗാന്ധിയുടെ വിശ്വസ്തനുമായ രാജീവ് സത്വ തിരിച്ചടിച്ചു

ദില്ലി: കോണ്‍ഗ്രസില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമായി. സോണിയഗാന്ധി വിളിച്ച യോഗത്തില്‍ നേതാക്കള്‍ കൊമ്പുകോര്‍ത്തു. രാജസ്ഥാനില്‍ പ്രതിസന്ധി തുടരുന്നതിനിടെ സോണിയ ഗാന്ധി വിളിച്ച രാജ്യസഭ എംപിമാരുടെ യോഗത്തിലാണ് നേതാക്കള്‍ ഏറ്റുമുട്ടിയത്.  രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ വീഴ്ചയാണ്
പാര്‍ട്ടിയുടെ പതനത്തിനിടയാക്കിയെന്ന രാജീവ് സത്വ എംപിയുടെ വിമര്‍ശനത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അതൃപ്തിയറിയിച്ചു. 

പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയില്‍ ആശങ്കയറിയിച്ച  മുതിര്‍ന്ന നേതാവ്  കപില്‍ സിബല്‍ ആത്മപരിശോധനക്ക് എല്ലാവരും തയ്യാറാകണമെന്നാവശ്യപ്പെട്ടു. എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ വീഴ്ചകളാണ് 2014ലെ ലോകസ്ഭ തെരഞ്ഞെടുപ്പിലും പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക് തിരിച്ചടിയായതെന്ന് മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും രാഹുല്‍ഗാന്ധിയുടെ വിശ്വസ്തനുമായ രാജീവ് സത്വ തിരിച്ചടിച്ചു. കപിൽ സിബലടക്കം അംഗങ്ങളായിരുന്ന മന്ത്രിസഭക്ക് എന്താണ് സംഭവിച്ചതെന്ന് സ്വയം വിലയിരുത്തണമെന്നും മുതിർന്ന നേതാക്കളാണ് ആദ്യം ആത്മ പരിശോധന നടത്തേണ്ടതെന്നും സത്വ പറഞ്ഞു.

രണ്ടാം യുപിഎ സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ, ജയ്റാം രമേശ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു രാജീവ് സത്വയുടെ വിമര്‍ശനം. നിലവിലെ പ്രതിസന്ധിയില്‍ നിന്ന് പാര്‍ട്ടിക്ക് പുറത്ത് കടക്കണമെങ്കില്‍ രാഹുല്‍ഗാന്ധി തിരിച്ചുവരണമെന്ന് രാജീവ് സത്വക്കൊപ്പം കെസി വേണുഗോപാലും ആവശ്യപ്പെട്ടു. വരുന്ന പത്തിന് ഇടക്കാല അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ രാഹുല്‍ ഗാന്ധി തിരിച്ചുവരണമെന്ന മുറവിളി വീണ്ടും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്.

നാല് മണിക്കൂര്‍ നീണ്ട വെര്‍ച്വല്‍ യോഗത്തില്‍  കൊവിഡ് കാലത്ത് പ്രതിപക്ഷം കുറച്ച് കൂടി കാര്യക്ഷമമായി പ്രവർത്തിക്കണമായിരുന്നുവെന്ന വിമര്‍ശനത്തിന് ഇതര സംസ്ഥാന തൊഴിലാളി വിഷയത്തിലടക്കം ഇടപെട്ടത് ചൂണ്ടിക്കാട്ടി സോണിയഗാന്ധി പ്രതിരോധമുയര്‍ത്തി. മോദി സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ വേണ്ടത്ര  ജന പിന്തുണ നേടാന്‍ പാര്‍ട്ടിക്കായില്ലെന്ന് പി ചിദംബരം വിമര്‍ശിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കനത്ത പുകമഞ്ഞ്: ദില്ലി-തിരുവനന്തപുരം എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി, വലഞ്ഞ് നിരവധി മലയാളികൾ
പ്രതിപക്ഷം ന‌ടുത്തളത്തിൽ, കീറിയെറിഞ്ഞു, ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷം, വിബി ജി റാം ജി ബിൽ രാജ്യസഭയും കടന്നു