
ദില്ലി: കർഷകരുടെ ദില്ലി ചലോ മാർച്ച് തടയാന്‍ ശ്രമിച്ച് പൊലീസ്. ശംഭു അതിർത്തിയിൽ കർഷകരെ ക്രൂരമായിട്ടാണ് പൊലീസ് നേരിട്ടത്. കർഷകർക്ക് നേരെ ടിയർ ഗ്യാസ് പ്രയോഗിച്ചു. എന്നാല്‍ മാര്‍ച്ചുമായി മുന്നോട്ടെന്ന നിലപാടുമായി കര്‍ഷകര്‍ അതിര്‍ത്തിയിലേക്ക് നീങ്ങുകയാണ്. സംഘർഷം ഉണ്ടായാൽ ഉത്തരവാദിത്വം സർക്കാരുകൾക്ക് എന്ന് കർഷക നേതാക്കൾ വ്യക്തമാക്കിയിരുന്നു. ചലോ ദില്ലി മാർച്ച് നവംബർ 7 ന് തീരുമാനിച്ചതാണെന്നും സംഘർഷത്തിന് താല്പര്യം ഇല്ലെന്നുമായിരുന്നു നേതാക്കളുടെ പ്രതികരണം. ബാരിക്കേഡുകൾ ഇട്ട് തടയുന്നത് അവകാശങ്ങൾ നിഷേധിക്കലാണെന്ന് ചൂണ്ടിക്കാട്ടിയ കർഷക നേതാക്കൾ കേന്ദ്ര സർക്കാർ സഹകരിച്ചാൽ സമാധാന പരമായി മാർച്ച് നടത്തുമെന്നും അറിയിച്ചു.
അതേ സമയം ചർച്ചയ്ക്ക് വീണ്ടും താൽപര്യം അറിയിച്ച് കേന്ദ്രസർക്കാർ മുന്നോട്ട് വന്നിട്ടുണ്ട്. അവതരിപ്പിച്ച പദ്ധതിയിൽ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും ചർച്ച നടന്നാൽ മാത്രമേ പരിഹാരം ഉണ്ടാകൂ എന്നും സർക്കാർ വിശദമാക്കി. പ്രശ്നങ്ങൾക്ക് ഉറപ്പായും പരിഹാരം കാണും എന്നും കേന്ദ്ര കൃഷി മന്ത്രി അർജുൻ മുണ്ട പറഞ്ഞു.
കർഷകസമരം തീർക്കാൻ ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ സഹായം തേടി കേന്ദ്ര സർക്കാർ. അമരീന്ദർ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിക്ക് സമരം തീർക്കണം എന്ന് നിലപാടാണ് ഉള്ളതെന്ന് അമരീന്ദർ സിംഗ് വ്യക്തമാക്കി.
കർഷകർ ചില കാര്യങ്ങളിൽ ദേശീയ താല്പര്യം കൂടി പരിഗണിക്കണം എന്ന് അമരീന്ദർ സിംഗ് പറഞ്ഞു. അതേ സമയം സർക്കാർ നിർദ്ദേശം കർഷകർ തള്ളിയതിൽ 'ബാഹ്യ' ഇടപെടൽ നടന്നിട്ടുണ്ടെന്ന സംശയത്തിലാണ് കേന്ദ്രസർക്കാർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam