
ദില്ലി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് സമ്പദ്‍വ്യവസ്ഥയെക്കുറിച്ചും അതിന്‍റെ തകര്‍ച്ചയെ കുറിച്ചും ഒന്നുമറിയില്ലെന്ന് കോണ്‍ഗ്രസ്. മാന്ദ്യം മറികടക്കാനുള്ള ധനമന്ത്രിയുടെ ഉത്തേജന നടപടികള്‍ വെറും മുഖംമിനുക്കലുകള്‍ മാത്രമാണെന്നും കോണ്‍ഗ്രസ് തുറന്നടിച്ചു. സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജം പകരാനായി പുതിയ പ്രഖ്യാപനങ്ങള്‍ നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കടുത്ത വാക്കുകളിലുള്ള വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് രംഗത്ത് വന്നത്.
സാമ്പത്തിക രംഗം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ എത്രത്തോളമാണെന്നും അതിന്‍റെ തീവ്രത എന്താണെന്നും അത് മറികടക്കുക എങ്ങനെയാണെന്നും ധനമന്ത്രിക്ക് ധാരണയില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു. മുമ്പ് ചില സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സാമ്പത്തിക രംഗം കൂടുതല്‍ മോശമായി.
ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നതും ഗുണകരമാകില്ലെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിക്കാനുള്ള സമഗ്രമായ പാക്കേജ് ആണ് പ്രഖ്യാപിക്കേണ്ടത്. എന്നാല്‍, കേവലം മുഖം മിനുക്കാനുള്ള ശ്രമങ്ങളാണ് ഇന്നത്തെ പ്രഖ്യാപനങ്ങളില്‍ ഉള്ളതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
രാജ്യത്തെ കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ ആറ് ഇന പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കയറ്റുമതി മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് ടാക്സ് റീഎമിഷന്‍, ജിഎസ്ടി ക്രെഡിറ്റ് റീഫണ്ട് തുടങ്ങി നിരവധി പ്രഖ്യാപനങ്ങള്‍ ധനമന്ത്രിയില്‍ നിന്നുണ്ടായി. പാര്‍പ്പിട നിര്‍മാണ മേഖലയ്ക്കായി പ്രഖ്യാപനങ്ങളുണ്ടായെങ്കിലും പലതും കഴിഞ്ഞ കേന്ദ്ര ബജറ്റിന്‍റെ ആവര്‍ത്തനങ്ങളായിരുന്നു. കയറ്റുമതി മേഖലയ്ക്ക് 1,700 കോടിയുടെ വാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും.
നിലവിലുളള എക്സ്പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരന്‍റി കോര്‍പ്പറേഷന്‍റെ (ഇസിജിഎസ്) ഭാഗമായി എക്സ്പോര്‍ട്ട് ക്രെഡിറ്റ് ഇന്‍ഷുറന്‍സ് സര്‍വീസ് (ഇസിഐഎസ്) മുഖേനയാകും ഇത് നടപ്പാക്കുക. ടൂറിസം, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, കയറ്റുമതി മേഖല എന്നിവയ്ക്ക് ഉത്തേജനം നൽകുന്നതിനായി ദുബായ് മോഡല്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ ഇന്ത്യയില്‍ നടത്തുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam