
ഗുവാഹത്തി: നാല്‍പ്പത്തിയൊന്ന് വര്‍ഷം മുമ്പ് ആടിനെ മോഷ്ടിച്ച കേസില്‍ 58 -കാരന്‍ വീണ്ടും അറസ്റ്റില്‍. ത്രിപുരയിലെ മെഖ്‍ലിപര ടീ എസ്റ്റേറ്റില്‍ നിന്ന് ബുദ്ജംഗ് നഗര്‍ പൊലീസാണ് ബച്ചു കൗള്‍ എന്നയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
തീര്‍പ്പുകല്‍പ്പിക്കാതെ കെട്ടിക്കിടക്കുന്ന കേസുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ത്രിപുര ഹൈക്കടോതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ കേസില്‍ വീണ്ടും അറസ്റ്റ് രേഖപ്പെടുത്തുന്നത്. പഴയ കേസുകളുടെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ബച്ചു കൗളിന്‍റെ മോഷണക്കേസ് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.
1978 -ലാണ് ബച്ചുവും പിതാവ് മോഹന കൗളും നന്ദന്‍ നഗര്‍ സ്വദേശിയായ കുമുദ് രഞ്ചന്‍ ഭൗമികിന്‍റെ ആടിനെ മോഷ്ടിച്ചത്. ഇവര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു. ഇപ്പോള്‍ 86 വയസ്സുള്ള കുമുദ് രഞ്ചന്‍ ഭൗമികിന്‍റെ വീട്ടില്‍ ജോലിക്ക് നിന്നതായിരുന്നു ബച്ചു. അദരനി ടീ എസ്റ്റേറ്റിലെ തൊഴിലാളിയായ പിതാവുമൊത്ത് ബച്ചു ആടിനെ മോഷ്ടിച്ചു. തൊട്ടടുത്ത ദിവസം ആടിനെ ചന്തയില്‍ വില്‍ക്കാന്‍ കൊണ്ടുപോയപ്പോള്‍ ഇരുവരും കയ്യോടെ പിടിക്കപ്പെടുകയായിരുന്നെന്ന് ബുദ്ജംഗ് നഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ സുകന്ത സെന്‍ ചൗധരി പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അദരനി ടീ എസ്റ്റേറ്റില്‍ നിന്നും ഇവരുടെ വിലാസം കണ്ടെത്തിയ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അറസ്റ്റ് ചെയ്തതിന്‍റെ ഞെട്ടലിലാണ് ബച്ചുവെന്നും കേസിലെ വിചാരണ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. മോഷണം നടന്ന കാലത്ത് 45 രൂപയായിരുന്നു ആടിന്‍റെ വില.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam