
ചെന്നൈ: രാജ്യത്തെ ഒന്നായി നിലനിർത്താൻ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്നും മാതൃഭാഷയ്ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വർധിപ്പിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടതിന് പിന്നാലെ എതിര്‍പ്പ് പരസ്യമാക്കി തമിഴ് പാര്‍ട്ടികള്‍. എന്‍ഡിഎ ഘടകകക്ഷിയായ അണ്ണാ ഡിഎംകെ അടക്കം ഹിന്ദി വാദത്തെ പൂര്‍ണമായി തള്ളി രംഗത്ത് വന്നു.
ഒരു രാജ്യം ഒരു ഭാഷ എന്ന നയം ഈ സന്ദര്‍ഭത്തില്‍ നടപ്പാക്കാന്‍ നോക്കരുതെന്ന് തമിഴ്നാട് സാംസ്കാരിക മന്ത്രി കെ പാണ്ഡ്യരാജന്‍ പറഞ്ഞു. രാജ്യത്തെ 22 ഭാഷകളും പരിപോഷിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ഭാഷകള്‍ പഠിപ്പിക്കുന്ന രീതി മാത്രമേ സംസ്ഥാനം പിന്തുടരുകയുള്ളുവെന്ന് വിദ്യാഭ്യാസ മന്ത്രി കെ എ സെങ്കോട്ടയാന്‍ വ്യക്തമാക്കി.
രണ്ടു ഭാഷ പഠിപ്പിക്കുന്ന രീതി സംസ്ഥാനം പിന്തുടരുമെന്ന് പ്രധാനമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും മുമ്പ് നടത്തിയ കൂടിക്കാഴ്ചകളില്‍ പറഞ്ഞിട്ടുള്ളതാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും പറഞ്ഞു. ഇത് ഇന്ത്യയാണെന്നും ഹിന്ദ്യ അല്ലെന്നും തുറന്നടിച്ചാണ് ഡിഎംകെ ആധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ പ്രതികരിച്ചത്. വിഷയത്തില്‍ വരുംകാല നടപടികള്‍ ആലോചിക്കാന്‍ തിങ്കളാഴ്ച പാര്‍ട്ടിയും ഉന്നതാധികാര സമിതി ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു രാജ്യം ഒരു ഭാഷ എന്ന പ്രസ്താവന കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ പിൻവലിക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. പ്രദേശിക ഭാഷകളെ ഇല്ലാതാക്കുകയാണോ കേന്ദ്രസര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും സ്റ്റാലിൻ ചോദിച്ചു. അധികാരത്തിൽ എത്തിയത് മുതൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ബി ജെ പി ശ്രമിച്ചുവരികയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.
സംസ്കാരവൈവിധ്യത്തെ അംഗീകരിക്കാൻ സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈക്കോ, വിസികെ അധ്യക്ഷന്‍ തോള്‍ തിരുമാവലന്‍ തുടങ്ങിയവരും വിഷയത്തില്‍ അമിത് ഷായുടെ വാദത്തെ എതിര്‍ത്ത് രംഗത്ത് വന്നിട്ടുണ്ട്.
രാജ്യത്തെ ഒന്നായി നിലനിർത്താൻ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്നും മാതൃഭാഷയ്ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വർധിപ്പിക്കണമെന്നുമാണ് അമിത് ഷാ ട്വീറ്റ് ചെയ്തത്. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണ്. ജനങ്ങൾ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് അതിന് സാധിക്കും. സർദാർ വല്ലഭായ് പട്ടേലും മഹാത്മാ ഗാന്ധിയും സ്വപ്നം കണ്ട ഒരു രാജ്യം ഒരു ഭാഷ എന്ന ലക്ഷ്യത്തിനായി ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam