'ധാതുഖനനത്തിനുള്ള പാട്ടക്കാലാവധി നീട്ടിയതില്‍ അഴിമതി'; മോദി സര്‍ക്കാരിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ്

By Web TeamFirst Published Sep 9, 2019, 5:10 PM IST
Highlights

50 വർഷത്തേക്ക് 358 ധാതുഖനികളുടെ പാട്ടക്കാലവധി ബിജെപി സർക്കാർ നീട്ടി നല്‍കിയെന്നാണ് ആരോപണം.

ദില്ലി: രണ്ടാം മോദി സർക്കാരിനെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ്. രാജ്യത്തെ ധാതുഖനനത്തിനുള്ള പാട്ടക്കാലാവധി നീട്ടിയതിൽ അഴിമതിയെന്നാണ് കോൺഗ്രസിന്‍റെ  ആരോപണം. ലേലം നടത്താതെ കാലാവധി നീട്ടിയതെന്തിനെന്ന് വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

50 വർഷത്തേക്ക് 358 ധാതുഖനികളുടെ പാട്ടക്കാലവധി ബിജെപി സർക്കാർ നീട്ടി നല്‍കിയെന്നാണ് ആരോപണം. 288 ഖനികളുടെ കാര്യത്തിൽ കൂടി സർക്കാർ തീരുമാനം എടുക്കാനിരിക്കെയാണ് അഴിമതി ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. ഏതുനിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനെന്ന് കോൺഗ്രസ് ചോദിച്ചു. കാലാവധി നീട്ടി നൽകിയ 358 ഖനികളുടെ ഉടമസ്ഥരായ കമ്പനികളില്‍ നിന്ന്  ബിജെപി സംഭാവന സ്വീകരിച്ചോയെന്ന് വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

കാലാവധി നീട്ടി നൽകിയതിൽ നേരത്തെ സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ വിഷയത്തിൽ സർ‍ക്കാർ മറുപടി നൽകിട്ടില്ലെന്ന് കോൺഗ്രസ് പറഞ്ഞു.  പൊതുഖജനാവിന് ഉണ്ടായ നഷ്ടത്തെക്കുറിച്ച് സംസാരിക്കാൻ സിഎജി എന്തുകൊണ്ട് മടിക്കുന്നുവെന്നും കോൺഗ്രസ് ചോദിച്ചു.  അഴിമതിവിരുദ്ധ നീക്കം 100 ദിവസത്തെ ഭരണനേട്ടമായി മോദി സർക്കാ‍ർ ഉയർത്തിക്കാട്ടുമ്പോഴാണ് കോൺഗ്രസ് പുതിയ ആയുധവുമായി രംഗത്തു വന്നിരിക്കുന്നത്.

click me!