
ദില്ലി: ഉത്തർപ്രദേശിലെ മഥുരയിൽ റെസിഡൻഷ്യൽ സ്കൂളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. അപകടത്തിൽപെട്ട മറ്റൊരു വിദ്യാർത്ഥിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധ്യപ്രദേശ് സ്വദേശികളായ മനു കതാറ, ദേവാംശ് ഉത്തർപ്രദേശ് സ്വദേശികളായ ഋഷഭ് ശർമ്മ, ആര്യൻ ശർമ്മ എന്നിവരാണ് മരിച്ചത്. വൃന്ദാവനിലെ മഹർഷി പാണിനി സംസ്‌കൃത വിദ്യാലയത്തിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
പകൽ സമയത്തെ പഠനത്തെ ബാധിക്കാതിരിക്കാൻ രാത്രിയിലാണ് വിദ്യാർത്ഥികൾ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയത്. മോട്ടോർ ഉപയോഗിച്ച് വെള്ളം പൂർണ്ണമായി പമ്പ് ചെയ്തു കളഞ്ഞ ശേഷം മനു കതാറയാണ് ആദ്യം ടാങ്കിനുള്ളിലേക്ക് ഇറങ്ങിയത്. മിനിറ്റുകൾ കഴിഞ്ഞിട്ടും മനു പുറത്തുവരാതിരുന്നതോടെ മറ്റ് നാല് വിദ്യാർത്ഥികൾ കൂടി ടാങ്കിലേക്ക് ഇറങ്ങുകയായിരുന്നു. എന്നാൽ അഞ്ചുപേരും തിരിച്ചെത്താതായതോടെ സ്കൂൾ അധികൃതരും മറ്റ് വിദ്യാർത്ഥികളും ചേർന്ന് കോണിയും കയറും ഉപയോഗിച്ച് ഇവരെ പുറത്തെടുത്തു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.
ടാങ്കിനുള്ളിൽ വിഷവാതകം ഉയർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ച വിദ്യാർത്ഥികളിലൊരാളുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂൾ മാനേജർ ആശിഷ് ശർമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മഥുര ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam