
അഗർത്തല: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സഹകരണം വേണമോയെന്നത് ചർച്ച ചെയ്ത് സിപിഎം ത്രിപുര സംസ്ഥാന സമിതി. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുത്തു. അതേസമയം പ്രതിപക്ഷത്ത് പൊതു പ്രധാനമന്ത്രി സ്ഥാനാർത്ഥിയുണ്ടാകാൻ സാധ്യതയില്ലെന്ന് പറഞ്ഞ യെച്ചൂരി കോൺഗ്രസ് മൂന്നക്കം കടന്നാൽ മുൻ മാതൃകയിൽ മുന്നണിയുണ്ടായേക്കുമെന്നും പ്രതികരിച്ചു.
ബിജെപിക്കെതിരായ പ്രതിപക്ഷത്തിൻറെ വോട്ട് ഭിന്നിക്കാതെ നോക്കണമെന്ന താൽപ്പര്യത്തിൻറെ അടിസ്ഥാനത്തലാണ് കോൺഗ്രസ് സഹകരണത്തെ കുറിച്ചുള്ള ചർച്ചകൾ പാർട്ടിയിൽ നടക്കുന്നത്. ഇന്നലെയും ഇന്നുമായി ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ വിഷയം ചർച്ചയായി. സംസ്ഥാനത്തിൻ്റെ നിലപാട് പാർട്ടി വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ഒരു ശതമാനം വോട്ട് വ്യത്യാസം മാത്രമേ ഉണ്ടായുള്ളൂവെന്നതിനാൽ കോൺഗ്രസിൻറെയും തിപ്ര മോത്ത (ത്രിപുര തദ്ദേശീയ പുരോഗമന പ്രാദേശിക സഖ്യം) പാർട്ടിയുടെയും പിന്തുണയുണ്ടെങ്കിൽ ഭരണം നേടാമെന്നതാണ് സിപിഎം കരുതുന്നത്.
സംസ്ഥാന സമിതി യോഗത്തിൽ തീരുമാനമുണ്ടായാൽ പിന്നീട് സീറ്റ് വിഭജന ചർച്ചയാകും വെല്ലുവിളി. ഇരുപത് സീറ്റിൽ ശക്തിയുള്ള തിപ്ര മോത പാർട്ടി ഇരട്ടിയിലധികം സീറ്റുകൾ വേണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ടെങ്കിലും വിട്ടുവീഴ്ച ചെയ്യുമെന്നാണ് കണക്കുകൂട്ടിൽ. അതേസമയം വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നല്ല പ്രകടനം നടത്തിയാൽ തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ കൂട്ടായ്മ ഉണ്ടാകുമെന്ന സൂചനയാണ് യെച്ചൂരിയുടെ പ്രതികരണം സൂചിപ്പിക്കുന്നത്.
കോൺഗ്രസ് മൂന്നക്കം കടന്നാൽ 2004 ,2009 മാതൃകയിൽ മുന്നണികൾ ഉണ്ടായേക്കാമെന്നും, എന്നാൽ പൊതു പ്രധാനമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു ഭാരത് ജോഡോ യാത്ര ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ കോൺഗ്രസിനെ സഹായിക്കുന്നുണ്ട്. പാർലമെൻറിൽ മതേതര കക്ഷികളെ ഒരുമിപ്പിക്കാൻ കഴിയുന്ന ഏക പാർട്ടി സിപിഎം ആണെന്നും യെച്ചൂരി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam