ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം, അമേരിക്കന്‍ മധ്യസ്ഥത തള്ളി രാജ്നാഥ് സിംഗ്

By Web TeamFirst Published May 30, 2020, 12:16 PM IST
Highlights

അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ മധ്യസ്ഥം വഹിക്കാമെന്ന പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ നിലപാട് വിദേശകാര്യ മന്ത്രാലയവും ഇന്നലെ തള്ളിയിരുന്നു. 

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ അമേരിക്കന്‍ മധ്യസ്ഥം തള്ളി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയും ചൈനയും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കും. അമേരിക്കൻ മധ്യസ്ഥം ആവശ്യമില്ലെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഇന്നലെ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലും രാജ്നാഥ് സിംഗ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയതായാണ് സൂചന.  

ഇന്ത്യ-ചൈന തർക്കത്തിൽ നരേന്ദ്രമോദിക്ക് നീരസം എന്ന വിവാദപ്രസ്താവനയുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. എന്നാൽ ഇന്ത്യ-ചൈന തർക്കത്തിൽ മോദിയുമായി സംസാരിച്ചു എന്ന ഡോണൾഡ് ട്രംപിൻറെ അവകാശവാദം തെറ്റെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഹൈഡ്രോക്സി ക്ളോറോക്വിൻ നല്കുന്ന വിഷയത്തിൽ കഴിഞ്ഞ മാസമാണ് രണ്ടു നേതാക്കളും അവസാനം സംസാരിച്ചതെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു.

മധ്യസ്ഥനാവാൻ തയ്യാറെന്ന് ആവർത്തിക്കുന്ന ട്രംപ് പിന്നെ എന്തിനിങ്ങനെ പറഞ്ഞു എന്ന് വ്യക്തമല്ല. മധ്യസ്ഥത സ്വീകരിക്കില്ലെന്ന സൂചന വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവയും നല്കിയിട്ടുണ്ട്. മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് ചൈനയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ ചൈന സൈനിക വിന്യാസം നടത്തിയതോടെ ഇന്ത്യയും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു

 

 

click me!