
ദില്ലി : വിജയകരമായി മുന്നോട്ട് പോകുന്ന ഭാരത് ജോഡോ യാത്രയെ അട്ടിമറിക്കാൻ ബിജെപി ശ്രമം നടക്കുന്നതായി കോൺഗ്രസ്. രാഷ്ട്രീയ പ്രതിയോഗികളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബിജെപി നേരിടുകയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന് വീണ്ടും ഇഡി സമൻസ് അയച്ചതിന് പിന്നാലെയാണ് ജയറാം രമേശിന്റെ പ്രതികരണം. ഭാരത് ജോഡോ യാത്രയിൽ ഡിജിറ്റലായി അണി ചേരാൻ പ്രത്യേക ആപ്പും പുറത്തിറക്കി.
ഭാരത് ജോഡോ യാത്ര കർണാടകയിലെ പ്രചാരണം തുടരുകയാണ്. മൈസൂരില്‍ കോരിച്ചൊരിയുന്ന മഴയിൽ 'ഭാരത് ജോഡോ യാത്ര' നയിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങളടങ്ങിയ വീഡിയോക്ക് വലിയ പ്രചാരണമാണ് ലഭിക്കുന്നത്. കനത്ത മഴയില്‍ തന്നെ രാഹുല്‍ ഗാന്ധി ഞായറാഴ്ച പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതാണ് വീഡിയോ. സിദ്ധരാമ്മയ്യയുടെ നേതൃത്വത്തിലാണ് മൈസൂരുവിലെ പദയാത്ര നടന്നത്. ഡി കെ ശിവകുമാര്‍, ജയറാം രമേശ്, വീരപ്പ മൊയ്ലി തുടങ്ങിയവരും യാത്രയെ അനുഗമിച്ചു. ഇരുപതിനായിരം പ്രവര്‍ത്തകരാണ് രാഹുലിനൊപ്പം പദയാത്രയില്‍ പങ്കെടുത്തത്. ഇതിനിടെ പദയാത്ര കടന്നുപോകുന്ന വഴിയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി പോസ്റ്ററുകള്‍ പതിച്ചു. നാഷ്ണല്‍ ഹെറാള്‍ഡ് അഴിമതിയിലടക്കം രാഹുല്‍ മറുപടി പറയണമെന്നായിരുന്നു പോസ്റ്ററിലെ ആവശ്യം.
വീറും വാശിയും ചോരാതെ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ശശി തരൂർ ഹൈദരാബാദിൽ
അതേ സമയം, കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ പ്രചാരണം പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശശി തരൂർ ഹൈദരബാദിലെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി തരൂർ കൂടിക്കാഴ്ച നടത്തും. ഇന്നലെ മാധ്യമങ്ങളുമായി സംവദിച്ച് മല്ലികാർജുൻ ഖാർഗയും പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. നേരിട്ട് നേതാക്കളെ കണ്ട് വോട്ട് അഭ്യർത്ഥിക്കാനാണ് മല്ലികാർജ്ജുൻ ഖാർഗെയുടെയും തീരുമാനം. ഇത് തമിഴ്നാട് മുതൽ തുടങ്ങാനാണ് ഖാർഗെ പദ്ധതി ഇട്ടിരിക്കുന്നതെണെന്നാണ് സൂചന. നേതാക്കളായ ദീപീന്ദർ ഹൂഡാ , നാസീർ , ഗൗരവ് വല്ലഭ് എന്നിവർ ഖാർ ഗെയുടെ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകാനായി കോൺഗ്രസ് വക്താവ് സ്ഥാനം രാജിവെച്ചിരുന്നു.
സൗഹൃദ മത്സരമെന്ന് അവകാശപ്പെടുമ്പോഴും കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വീറും വാശിയും ഒട്ടും കുറവില്ല. പരസ്പരം ഒളിയമ്പെയ്ത് ഖാർഗെയും തരൂരും തന്നെ ഇത് വ്യക്തമാക്കി കഴിഞ്ഞു. താന്‍ മാറ്റം കൊണ്ടുവരുമെന്നും ഖാർഗെ വന്നാല്‍ നിലവിലെ രീതി തുടരുകയേ ഉള്ളൂവെന്നുമാണ് ഇന്നലെ തരൂർ പറഞ്ഞത്. കൂടിയാലോചനകള്‍ നടത്തി തീരുമാനമെടുക്കുന്നതാണ് തന്‍റെ രീതിയെന്ന് പറഞ്ഞ ഖാർഗെ പാർട്ട് ടൈം രാഷ്ട്രീയക്കാരനല്ല താനെന്നും തിരിച്ചടിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam