പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ശിലാസ്ഥാപന ചടങ്ങ് ബഹിഷ്കരിച്ച് കോണ്‍ഗ്രസ്

By Web TeamFirst Published Dec 11, 2020, 1:52 PM IST
Highlights

ദില്ലിയ്ക്ക് പുറത്ത് റോഡുകളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ചടങ്ങ് കോണ്‍ഗ്രസ് പിന്‍വലിച്ചത്. ഗുലാം നബി ആസാദിനും അധിര്‍ രന്‍ജന്‍ ചൌധരിക്കുമാണ് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നത്. 

ദില്ലി: പുതിയ പാര്‍ലമെന്‍റ് കെട്ടിടത്തിന്‍റെ ശിലാസ്ഥാപന ചടങ്ങ് ബഹിഷ്കരിച്ച് കോണ്‍ഗ്രസ്. ദില്ലിയ്ക്ക് പുറത്ത് റോഡുകളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ചടങ്ങ് കോണ്‍ഗ്രസ് പിന്‍വലിച്ചത്. ഗുലാം നബി ആസാദിനും അധിര്‍ രന്‍ജന്‍ ചൌധരിക്കുമാണ് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നത്. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് 971 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വാതന്ത്ര്യത്തിൻറെ 75ാം വർഷത്തിൽ പാര്‍ലമെന്‍റിന്‍റെ പണി പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ പാർലമെന്റ് മന്ദിരം സ്വയം പര്യാപ്ത ഇന്ത്യയുടെ പ്രതീകമാകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. 

സ്വാതന്ത്ര്യത്തിൻറെ 75ാം വർഷത്തിൽ ഇന്ത്യയ്ക്ക് പുതിയ മന്ദിരം സമർപ്പിക്കും. എംപിയായ ശേഷം പാർലമെൻറിൽ തലതൊട്ട് വന്ദിച്ചാണ് താൻ പ്രവേശിച്ചത്. ഭരണഘടന നിർമ്മാണം ഉൾപ്പടെ എല്ലാ ചരിത്രനിമിഷങ്ങളും നിലവിലെ മന്ദിരം കണ്ടു. നിലവിലെ മന്ദിരം വിശ്രമം ആവശ്യപ്പെടുന്നുണ്ട്. യാഥാർത്ഥ്യം മനസ്സിലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

പുതിയ മന്ദിരം എംപിമാരുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. ഓരോ എംപിമാർക്കും അവരുടേതായ ഇടം കിട്ടും. ഇന്ത്യയിൽ ജനാധിപത്യം പരാജയപ്പെടുമെന്ന് കരുതിയവർക്ക് തെറ്റി. ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയിൽ ജനപങ്കാളിത്തം കൂടുന്നുണ്ട്. സംവാദം തുടരേണ്ടത് ജനാധിപത്യത്തിൽ ആവശ്യമാണ്. ഗുരു നാനക്കും ഇക്കാര്യമാണ് പറഞ്ഞിട്ടുള്ളത്. അഭിപ്രായവ്യത്യാസങ്ങൾ ജനാധിപത്യ യാത്രയെ ബാധിക്കരുത്. പുതിയ മന്ദിരത്തിലെ പ്രതിഷ്ഠ ജനപ്രതിനിധികളുടെ സമർപ്പണം ആയിരിക്കും. സ്വയം പര്യാപ്ത ഇന്ത്യയ്ക്കായുള്ള യാത്ര തടയാൻ ആർക്കുമാവില്ലെന്നും മോദി അഭിപ്രായപ്പെട്ടത്.
 

click me!