
ദില്ലി: നീണ്ട ഇടവേളയ്ക്ക് ശേഷം സംഘടനാ തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്. അംഗത്വ ക്യാംപെയ്ന് ശേഷമായിരിക്കും പാർട്ടിയിൽ സമ്പൂർണപൊളിച്ചെഴുത്തിന് വഴി തുറക്കുന്ന സംഘടനാ തെരഞ്ഞെടുപ്പിലേക്ക് പാർട്ടി കടക്കുക. അംഗത്വ ക്യാംപെയ്നും സംഘടനാ തെരഞ്ഞെടുപ്പിനുമായുള്ള തീയതികൾക്ക് ഇന്ന് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയോഗം അംഗീകാരം നൽകി. എഐസിസി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കാമെന്ന് യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞതായാണ് വിവരം.
ഒരു വർഷത്തിന് ശേഷം നടക്കുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിലാവും പുതിയ എഐസിസി ഭാരവാഹികളെ തെരഞ്ഞെടുക്കുക. സമീപകാലത്ത് പുതിയ പിസിസി അധ്യക്ഷൻമാരേയും സമിതികളേയും പ്രഖ്യാപിച്ച കേരളത്തിലടക്കം സംഘടനാ തെരഞ്ഞെടുപ്പ് നടക്കും എന്നാണ് സൂചന അങ്ങനെയെങ്കിൽ കേരളത്തിൽ പുതിയ മണ്ഡലം കമ്മിറ്റികളും പുതിയ ഡിസിസി അധ്യക്ഷൻമാരും പുതിയ കെപിസിസി അധ്യക്ഷനും നിർവാഹക സമിതിയും തെരഞ്ഞെടുപ്പിലൂടെ വരും. നിലവിലെ ഭാരവാഹികൾ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പദവി നിലനിർത്തേണ്ടി വരും.
രാജ്യത്ത് നിർജീവവാസ്ഥയിലുള്ള കോൺഗ്രസ് പാർട്ടിക്ക് പുതിയ ഊർജ്ജം നൽകാൻ സംഘടനാ തെരഞ്ഞെടുപ്പിലൂടെ സാധിക്കുമെന്ന് വിമതവിഭാഗം നേതാക്കൾ നേരത്തെ പറഞ്ഞിരുന്നു. നിലവിൽ പ്രഖ്യാപിച്ച രീതിയിൽ സംഘടനാ തെരഞ്ഞെടുപ്പ് നടന്നാൽ അടുത്ത വർഷം ഇതേ സമയം കോൺഗ്രസ് പുതിയ ദേശീയ അധ്യക്ഷൻ വരും. തെരഞ്ഞെടുപ്പിലൂടെ ഈ പദവിയിലെത്താൻ രാഹുലിന് സാധിക്കുമോ അതോ രണ്ടാം നിരയിൽ നിന്നൊരു പുതിയ താരോദയം കോൺഗ്രസ് നേതൃത്വത്തിലുണ്ടാകുമോ എന്നാണ് ഏറ്റവും ഉറ്റുനോക്കപ്പെടുന്ന കാര്യം.