
ദില്ലി: കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നും തുടരും. കഴിഞ്ഞ ദിവസം 10 സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടിക ചർച്ചക്കെടുത്തെങ്കിലും അന്തിമ രൂപമായില്ല. മഹാരാഷ്ട്രയടക്കം സംസ്ഥാനങ്ങളെ കൂടി ഇന്നത്തെ ചർച്ചയിൽ ഉൾപ്പെടുത്തും. രാഹുലിന്റെയും പ്രിയങ്കയുടെയും സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ യുപി ഇന്നലെ ചർച്ചക്കെടുത്തിരുന്നില്ല. സംസ്ഥാനത്ത് സമാജ്‌വാദി പാര്‍ട്ടി 17 സീറ്റുകളാണ് കോൺഗ്രസ് സ്ഥാനാര്‍ത്ഥികൾക്കായി നീക്കിവച്ചിരിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷവും സീറ്റ് വിഭജനം പൂര്‍ത്തിയാക്കാൻ മഹാരാഷ്ട്രയിൽ എൻഡിഎ - ഇന്ത്യ സഖ്യങ്ങൾക്ക് സാധിച്ചിട്ടില്ല. ശിവസേനയുമായി സീറ്റുകളിൽ ധാരണയിലെത്താനാകാത്തതാണ് ഇരു സഖ്യത്തിലും പ്രഖ്യാപനം വൈകാൻ കാരണം. മഹാവികാസ് അഘാഡിയിൽ നിന്നും പ്രകാശ് അംബേദ്ക്കര്‍ പോയെങ്കിലും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത് ആശ്വാസമായി. രാജ് താക്കറെയുടെ വരവോടെ പരമ്പരാഗത ശിവസേന വോട്ടുകൾ പിടിച്ചെടുക്കാം എന്ന ധാരണയിലാണ് ബിജെപി. കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ സാഗ്ലിയിൽ ശിവസേന സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതും ശിവസേനയുടെ കോട്ടയായ കോലാപൂരിൽ ശാഹു മഹാരാജിനെ നിര്‍ത്തിയതും പ്രതിപക്ഷ നിരയിൽ സീറ്റു വിഭജനം നീളുന്നതിന് ഇടയാക്കി.
ബാരാമതിയിൽ ഷിൻഡേ പക്ഷത്തുളള വിജയ് ശിവാത്രെ അജിത്ത് പവാറിന്റെ ഭാര്യ സുനേത്രയ്ക്കെതിരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് മഹായുതിയിലും തര്‍ക്കത്തിനിടയാക്കി. ഇതിനിടെ അജിത്ത് പവാറും എൻസിപി സംസ്ഥാന അധ്യക്ഷൻ സുനിൽ തത്കരെയും ദില്ലിയിലേക്ക് തിരിച്ചു. ബിജെപിയുമായി ചര്‍ച്ചകൾ തുടരാനാണ് ദില്ലി സന്ദര്‍ശനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam