
ദില്ലി: ശശി തരൂരിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി. പരാതികളിലെ നടപടികളിൽ സമിതിയെ തൃപ്തി അറിയിച്ച തരൂര്‍ മാധ്യമങ്ങൾക്ക് മുന്നിൽ ചെളിവാരി തേക്കുകയാണെന്നാണ് കുറ്റപ്പെടുത്തല്‍. ബാലറ്റ് പേപ്പർ മുദ്രവെച്ചില്ലന്നതടക്കമുള്ള പരാതികൾ സമിതി തള്ളി. തരൂരിന് ഇരട്ട മുഖമെന്ന് മധുസൂദൻ മിസ്ത്രി ആരോപിച്ചു. ഉത്തര്‍പ്രദേശ്, തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളിലെ പിസിസികള്‍ പോളിംഗ് അട്ടിമറിച്ചുെവെന്ന ഗുരുതരമായ പരാതി തരൂര്‍ തെരഞ്ഞെടുപ്പ് സമിതിക്ക് നല്‍കിയിരുന്നു ഉത്തര്‍പ്രദേശിലെ വോട്ടുകള്‍ എണ്ണരുതെന്നാവശ്യപ്പെട്ടെങ്കിലും ഒടുവില്‍ ബാലറ്റുകള്‍ മറ്റുള്ളവയ്‍ക്ക് ഒപ്പം കൂട്ടി കലര്‍ത്തി. പരാതിയില്‍ തരൂരിനുള്ള മറുപടി നല്‍കിയിട്ടുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് സമിതിയുടെ വിശദീകരണം.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ 7897 വോട്ടുകള്‍ നേടിയാണ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വിജയം. ഔദ്യോഗിക സംവിധാനങ്ങള്‍ മുഴുവന്‍ മുഖം തിരിച്ചെങ്കിലും എതിരാളികളെ ഞെട്ടിച്ച് 1072 വോട്ടുകള്‍ നേടാന്‍ തരൂരിന് കഴിഞ്ഞിരുന്നു. പരാജയപ്പെട്ടെങ്കിലും കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുള്ളിൽ തരംഗമുണ്ടാക്കാൻ ശശി തരൂരിന് കഴിഞ്ഞു. പാർട്ടിയിൽ പുതിയ ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ ഉൾപ്പടെ തരൂരിനെ അവഗണിച്ചു പോകാൻ നേതൃത്വത്തിന് കഴിയില്ല. ഔദ്യോഗിക സംവിധാനങ്ങളോട് പടവെട്ടിയാണ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആയിരം വോട്ടുകള്‍ തരൂർ നേടിയത്. പത്രിക നല്‍കാന്‍ 10 പേരുടെ പോലും പിന്തുണ തരൂരിന് കിട്ടില്ലെന്നാരുന്നു പാർട്ടിയിലെ പ്രബലരുടെ ആദ്യ വിലയിരുത്തല്‍. പത്രിക നല്‍കിയതോടെ പരാജയപ്പെടുത്താനുള്ള നീക്കങ്ങള്‍ തുടങ്ങി. പിസിസി അധ്യക്ഷന്‍മാർ ഖർഗെയെ സ്വീകരിച്ചപ്പോള്‍ തരൂരിന് പലയിടത്തും 10 വോട്ടർമാരെ പോലും കാണാനാകാത്തതായിരുന്നു സാഹചര്യം. വോട്ടർപട്ടികയ്ക്ക് എതിരെ തരൂര്‍ നല്‍കിയ പരാതികളും അവഗണിക്കപ്പെട്ടു.
തന്നെ പിന്തുണയ്ക്കുന്ന നേതാക്കളുമായി തരൂര്‍ കഴിഞ്ഞ രാത്രി ചര്‍ച്ച നടത്തി. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആയിരത്തിലേറെ വോട്ട് നേടിയ തരൂര്‍ ദേശീയ തലത്തില്‍ ഭാരവാഹിത്വങ്ങളില്‍ അവകാശവാദം ഉന്നയിച്ചേക്കും. പ്രവര്‍ത്തക സമിതി, വര്‍ക്കിംഗ് പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങള്‍ നിശ്ചയിക്കുമ്പോള്‍ പരിഗണന തരൂര്‍ പ്രതീക്ഷിക്കുന്നുണ്ട്. അധ്യക്ഷ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിലടക്കം മുന്നോട്ട് വച്ച ആശയങ്ങള്‍ പാര്‍ട്ടി നയരൂപീകരണത്തില്‍ കണക്കിലെടുക്കണമെന്ന ആവശ്യവും തരൂര്‍ ശക്തമാക്കാനിടയുണ്ട്. തരൂരിന്‍റ തുടര്‍നീക്കങ്ങള്‍ എഐസിസിയും നിരീക്ഷിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam