
നോയിഡ: നോയിഡ വിമാനത്താവള പദ്ധതിക്കായി കർഷകരിൽ നിന്ന് ഭൂമി വിട്ടുകിട്ടാൻ വൈകാരിക കാർഡിറക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നഷ്ടപരിഹാരം വർധിപ്പിച്ച് നൽകാമെന്നും ദയവുചെയ്ത് കർഷകർ പദ്ധതിക്കായി ഭൂമി വിട്ടുനൽകണമെന്നും അദ്ദേഹം കർഷകരോട് വൈകാരികമായി അഭ്യർഥിച്ചു. 29,560 കോടി രൂപ ചെലവ് വരുന്ന ഗ്രീൻഫീൽഡ് വിമാനത്താവളം ദില്ലിയിൽ 75 കിലോമീറ്റർ അകലെ അകലെ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ ജില്ലയിലെ ജെവാർ ഏരിയയിലാണ് നിർമിക്കുന്നത്.
എന്നാൽ ഈ വർഷം ആദ്യം ഭൂമി ഏറ്റെടുക്കേണ്ട ആറ് ഗ്രാമങ്ങളിലെ ഒരു വിഭാഗം കർഷകർ ഭൂമി വിട്ടുനൽകാൻ വിസ്സമ്മതിച്ചതോടെ പദ്ധതി പ്രതിസന്ധിയിലാകുകയായിരുന്നു. രൺഹേര, കുരേബ്, ദയനാട്പൂർ, കരൗലി ബംഗാർ, മുന്ദ്ര, ബിരാംപൂർ എന്നീ ആറ് ഗ്രാമങ്ങളിൽ നിന്നാണ് വിമാനത്താവളത്തിന്റെ രണ്ടാം ഘട്ട വികസനത്തിന് ഭൂമി ഏറ്റെടുക്കേണ്ടതെന്ന് അധികൃതർ പറഞ്ഞു. 2013 ഭൂമിയേറ്റെടുക്കൽ നിയമ പ്രകാരം, ഏറ്റെടുക്കുന്നതിന് കുറഞ്ഞത് 70 ശതമാനം ഭൂവുടമകളുടെ സമ്മതം ആവശ്യമാണ്. ഒക്‌ടോബർ 14ന് ജെവാർ എംഎൽഎ ധീരേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിൽ 200-ഓളം കർഷകർ ലഖ്‌നൗവിലെത്തി മുഖ്യമന്ത്രി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗത്തിലാണ് ആദിത്യനാഥ് വികാരാധീനനായതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. കർഷകരുമായി പ്രശ്നങ്ങൾക്ക് ആഗ്രഹിക്കുന്നില്ലെന്ന് ആദിത്യനാഥ് പറഞ്ഞു.
ചതുരശ്ര മീറ്ററിന് 3,400 രൂപ വർദ്ധിപ്പിച്ച പലിശയുൾപ്പെടെ നഷ്ടപരിഹാരം നൽകാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ജെവാറിലെ ജനങ്ങൾ തനിക്ക് കുടുംബത്തെപ്പോലെയാണെന്നും അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിൽ നിങ്ങളുടെ സംഭാവന നിങ്ങളുടെ വരും തലമുറകൾക്ക് കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. ജെവാറിൽ താമസിക്കുന്ന ആളുകൾക്ക് വിമാനത്താവളത്തിന്റെ നേട്ടം ലഭിച്ചില്ലെങ്കിൽ പ്രദേശത്തിന്റെ വികസനത്തിന് അർത്ഥമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഹിമാചൽ തെരഞ്ഞെടുപ്പ്; മന്ത്രിയെ മറികടന്ന് ചായ വില്പനക്കാരന് മത്സരിക്കാൻ അവസരമൊരുക്കി ബിജെപി
കർഷകരുടെ എതിർപ്പിനെ തുടർന്ന് 10 മാസമായി ഭൂമിയേറ്റടുക്കലിന്റെ വേഗത നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഈ ആഴ്ച ഒന്നിലധികം പൊതുയോഗങ്ങൾ നടത്തി കർഷകരെ ആവശ്യകത ബോധിപ്പിക്കുകയാണ് സർക്കാർ. ഭൂമി ഏറ്റെടുക്കുന്നതിന് 60 ശതമാനം ഉടമകൾ സമ്മതിച്ചെന്നും ദീപാവലിക്ക് മുമ്പ് 70 ശതമാനം ഉടമകൾ സമ്മതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജെവാർ എംഎൽഎ സിംഗ് പിടിഐയോട് പറഞ്ഞു. മൊത്തം 1,365 ഹെക്ടർ ഭൂമിയേറ്റെടുക്കൽ രണ്ടാം ഘട്ടത്തിലാണെന്ന് ഡെപ്യൂട്ടി കളക്ടർ (ജേവാർ) അഭയ് പ്രതാപ് സിംഗ് പറഞ്ഞു. 1,185 ഹെക്ടർ സ്വകാര്യ വ്യക്തികളുടെ (കർഷകരുടെ) ഉടമസ്ഥതയിലാണ്. ബാക്കി സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലാണ്.
7,164 ഭൂവുടമകളുടെ കൈയിലാണ് ഭൂമി. കുറഞ്ഞത് 5,015 ഉടമകളുടെ സമ്മതം ആവശ്യമാണ്. ഇതുവരെ 4,300 കർഷകരുടെ സമ്മതം ലഭിച്ചു. നഷ്ടപരിഹാര തുക 2023 ഏപ്രിലിൽ ഭൂവുടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുമെന്നും അധികൃതർ പറഞ്ഞു. ഗ്രാമീണർക്ക് എല്ലാ പിന്തുണയും സഹകരണവും നൽകി ഭൂമിയേറ്റെടുക്കാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശമെന്ന് ഡെപ്യൂട്ടി കലക്ടർ പറഞ്ഞു. 2024 അവസാനത്തോടെ ആദ്യഘട്ടം പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 2040 ആകുമ്പോഴേക്കും ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറുമെന്നാണ് കണക്കുകൂട്ടൽ.