
ചെന്നൈ: വിജയ് പ്രധാനമന്ത്രിയാകണമെന്ന ടിവികെ ആവശ്യത്തിന് പിന്നാലെ തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ തമിഴക വെട്രി കഴകവും (ടിവികെ) സഖ്യകക്ഷിയായ കോൺഗ്രസും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തേക്ക്. ടിവികെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്യെ 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനുള്ള ടിവികെ നേതാക്കളുടെ നീക്കത്തിനെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി കോൺഗ്രസ് രംഗത്തെത്തി.
2029-ൽ രാഹുൽ ഗാന്ധിയെ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കണമെന്ന് തമിഴ്‌നാട് ടൂറിസം മന്ത്രിയും കോൺഗ്രസ് നേതാവുമായ എസ്. രാജേഷ് കുമാർ ആവശ്യപ്പെട്ടു. ടിവികെ ഇതിന് തയ്യാറായില്ലെങ്കിൽ തമിഴ്‌നാട് മന്ത്രിസഭയിലുള്ള രണ്ട് കോൺഗ്രസ് മന്ത്രിമാരും സ്ഥാനം രാജിവെച്ച് പുറത്തുപോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കന്യാകുമാരിയിൽ വെസ്റ്റ് ഡിസ്ട്രിക്റ്റ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കവേയാണ് രാജേഷ് കുമാർ പാർട്ടി നിലപാട് വ്യക്തമാക്കിയത്. മന്ത്രിസ്ഥാനത്തെക്കാൾ പാർട്ടിയുടെ നിലപാടുകൾക്കാണ് പ്രാധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ശക്തമായ പ്രതികരണവുമായി ടിവികെ സൈബർ ഹാൻഡിലുകൾ രംഗത്തെത്തി. കഴിഞ്ഞ 60 വർഷത്തിനിടെ ആദ്യമായി കോൺഗ്രസിന് തമിഴ്‌നാട് മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചത് വിജയ് കാരണം മാത്രമാണെന്നാണ് ടിവികെ അനുഭാവികളുടെ വാദം.
അതിനിടെ, വിഷയത്തിൽ ടിവികെയെ പരിഹസിച്ച് തമിഴ്‌നാട് പിസിസി പ്രസിഡന്റ് മാണിക്കം ടാഗോർ എംപിയുടെ 'കുട്ടിക്കഥ' വലിയ രാഷ്ട്രീയ ചർച്ചയായി മാറിയിട്ടുണ്ട്. വിജയ്യുടെ പ്രചാരണ ശൈലിയെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള കുട്ടിക്കഥയാണ് അദ്ദേഹം പങ്കുവെച്ചത്. സുഹൃത്തുക്കളായ ആനയെയും സിംഹത്തെയും തമ്മിൽ തെറ്റിക്കാനായി ഒരു കുറുക്കൻ വ്യാജ സർവേ സംഘടിപ്പിച്ചു. സഖ്യകക്ഷികൾക്കിടയിൽ ഭിന്നതയുണ്ടാക്കുക മാത്രമാണ് ഇത്തരം വ്യാജ സർവേകളുടെ യഥാർത്ഥ ലക്ഷ്യമെന്നും മാണിക്കം ടാഗോർ വ്യക്തമാക്കി.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് ദേശീയ തലത്തിൽ 9 ശതമാനം ആളുകൾ വിജയിയെ പിന്തുണയ്ക്കുന്നുണ്ടെന്ന് കാണിച്ച് അടുത്തിടെ പുറത്തുവന്ന ഇന്ത്യ ടുഡേ സർവേയ്ക്ക് പിന്നാലെയാണ് ഇരു പാർട്ടികളും തമ്മിലുള്ള പോര് പരസ്യമായത്. സർവേ ഫലം ചൂണ്ടിക്കാട്ടി ടിവികെ നേതാക്കൾ വിജയ്യെ ദേശീയ തലത്തിലേക്ക് ഉയർത്തിക്കാട്ടാൻ തുടങ്ങിയതോടെയാണ് കോൺഗ്രസ് ശക്തമായ എതിർപ്പുമായി രംഗത്തുവന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam