ഉത്തർ പ്രദേശിൽ ഹരിയാൻവി ഗായകനെ കൊലപ്പെടുത്തിയ പ്രതികളെന്ന് സംശയിക്കുന്നവരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി പൊലീസ്. സുമിത്, മോഹിത് എന്നിവരാണ് കൊല്ലപ്പെട്ടത്.
ലക്നൗ: ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബാലിയാൻ്റെ കൊലപാതകത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ ഉത്തർ പ്രദേശ് പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി. ഗോഗി സംഘത്തിൽ ഉൾപ്പെടുന്നവരെന്ന് ആരോപിക്കപ്പെടുന്ന സുമിത്, മോഹിത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഉത്തർ പ്രദേശ് പൊലീസും ഉത്തർ പ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സും ചേർന്ന് ഇരുവരെയും ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. ഇവരിൽനിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. പ്രതികൾ പൊലീസിന് നേരെ വെടിയുതിർത്തതിനെ തുടർന്ന് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് ഷാംലി എസ്പി നരേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. കൊലയാളി സംഘത്തിൽ ഉൾപ്പെട്ട മറ്റ് രണ്ടുപേർക്കായി തെരച്ചിൽ ഊർജിതമാക്കി.
ഉത്തർ പ്രദേശിലെ ഷാംലിയിൽ ഈ മാസം 26നാണ് ദാരുണമായ കൊലപാതകം നടന്നത്. രണ്ട് ബൈക്കുകളിൽ എത്തിയ നാലംഗ സംഘം ജിംനേഷ്യത്തിൽനിന്ന് ഇറങ്ങിവന്ന അങ്കിത് ബാലിയന് (32) നേരെ നിറയൊഴിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അങ്കിത് ബാലിയനെ തൊട്ടടുത്തുള്ള കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
കൊലപാതകത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജിംനേഷ്യത്തിൽനിന്ന് ഇറങ്ങിവന്ന അങ്കിത് ബാലിയാൻ കാറിന് സമീപത്തേക്ക് നടന്നുപോകുമ്പോഴാണ് ആക്രമണം നടന്നത്. അക്രമി സംഘം ബാലിയന് നേരെ 16 തവണ വെടിയുതിർത്തു. കൊലപാതകം നടന്ന് ഒരു ദിവസം പിന്നിടുമ്പോഴാണ് ആക്രണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോഗി സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ട ഒരാൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. കൊലയാളികളെ നാല് ദിവസത്തിനകം പിടികൂടിയില്ലെങ്കിൽ മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പിലെത്തി ജീവനൊടുക്കുമെന്ന് അങ്കിത് ബാലിയാൻ്റെ ഭാര്യ ഭീഷണി മുഴക്കിയിരുന്നു. ഇതേ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അങ്കിത് ബാലിയാൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചിരുന്നു.


