രാജിയില്‍ ഉറച്ച് രാഹുല്‍; നേതൃത്വ പ്രതിസന്ധിയെന്ന് കെസി വേണു​ഗോപാൽ

By Web TeamFirst Published Jun 27, 2019, 12:59 PM IST
Highlights

 അധ്യക്ഷസ്ഥാനമൊഴിയും എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ തന്നെ സംഘടനാതലത്തില്‍ രാഹുല്‍ അഴിച്ചു പണി തുടരുകയാണ്. 

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുമെന്ന മുന്‍തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ തുടരുന്നു. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി പാര്‍ലമെന്‍ററി യോഗത്തില്‍ രാജിതീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്ന് രാഹുലിനോട് നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ദേശം അവഗണിച്ച രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാളെ കണ്ടെത്തണം എന്ന നിലപാട് ആവര്‍ത്തിച്ചു. 

ഹൈക്കമാന്‍ഡിലെ മുതിര്‍ന്ന നേതാക്കളും പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുമെല്ലാം ദിവസങ്ങളായി ഇക്കാര്യത്തില്‍ രാഹുലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും രാജിതീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ രാഹുല്‍ തയ്യാറായിട്ടില്ല. അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്ന മുന്‍നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുകയാണെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി  വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നേതാക്കള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ പുനരാലോചനയ്ക്ക് പോലും അദ്ദേഹം തയ്യാറായിട്ടില്ല. പാര്‍ട്ടിയുടെ നേതൃതലത്തില്‍ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്നും വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്ത് ശതമാനം സീറ്റുകള്‍ പോലും നേടാന്‍ സാധിക്കാതെ വന്നതോടെ പ്രതിപക്ഷ നേതൃസ്ഥാനം പോലും ചോദിച്ചു വാങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. രാഹുല്‍ ലോക്സഭയിലുണ്ടെങ്കിലും ബംഗാളില്‍ നിന്നുള്ള നേതാവ് അധീര്‍ ചൗധരിയെയാണ് നിലവില്‍ പാര്‍ട്ടിയുടെ ലോക്സഭാ കക്ഷിനേതാവായി തെരഞ്ഞെടുത്തിരിക്കുന്നത്. 

അതേസമയം അധ്യക്ഷസ്ഥാനമൊഴിയും എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ തന്നെ സംഘടനാതലത്തില്‍ രാഹുല്‍ അഴിച്ചു പണി തുടരുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വലിയ പരാജയം നേരിട്ട യുപിയില്‍ ഇതിനോടകം പാര്‍ട്ടി ഘടകങ്ങള്‍ പിരിച്ചു വിട്ട് പുനസംഘടനയ്ക്ക് തുടക്കമിട്ടുണ്ട്. മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലും പുനസംഘടനയുമായി രാഹുല്‍ മുന്നോട്ട് പോകുകയാണ്. 

അമേത്തിയിലേറ്റ പരാജയത്തെ തുടര്‍ന്ന് വയനാട് എംപി എന്ന നിലയിലും സജീമായി ഇടപെടാന്‍ രാഹുല്‍ ശ്രമിക്കുന്നുണ്ട്. മണ്ഡലത്തിന്‍റെ ഭാവിവികസനത്തിനായി മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ വെള്ളിയാഴ്ച രാഹുല്‍ യോഗം വിളിക്കുന്നുണ്ട്. യോഗത്തില്‍ പങ്കെടുക്കാനായി വയനാടിലെ യുഡിഎഫ് നേതാക്കളെ രാഹുല്‍ ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. 

click me!