
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വമ്പൻ പരാജയത്തിന് പിന്നാലെ വിമർശന ശബ്ദം കടുപ്പിച്ച കോൺഗ്രസിലെ (congress) ഗ്രൂപ്പ് 23 വിമത നേതാക്കൾ പാർട്ടി നേതൃത്വത്തിനെതിരെ നിലപാട് വീണ്ടും കടുപ്പിക്കുന്നു. പരാജയത്തിന് പിന്നാലെ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ നിലപാട് മയപ്പെടുത്തിയിരുന്ന ജി 23 നേതാക്കൾ വീണ്ടും പരസ്യ വിമർശനവുമായി രംഗത്തത്തെത്തിയതിനൊപ്പം വിശാല യോഗം വിളിക്കാനും തീരുമാനിച്ചു. മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഉന്നമിട്ടുള്ള വിമർശനമാണ് ജി 23 നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കോൺഗ്രസ് എല്ലാവരുടേതുമാണെന്നും ഒരു കുടുംബത്തിന്‍റെ മാത്രമല്ലെന്നും ചൂണ്ടികാട്ടിയ ജി 23 നേതാവ് കപിൽ സിബൽ (kapil sibal) രാഹുൽ ഗാന്ധിക്കെതിരെ കടുത്ത ഭാഷയിലാണ് വിമർശനം അയിച്ചുവിട്ടത്. രാഹുൽ ഗാന്ധി ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. പഞ്ചാബിലെത്തി ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ രാഹുലിന് എന്തധികാരം ആണുള്ളതെന്നും കപിൽ സിബൽ ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിശാലയോഗവും ചേരുന്നത്.
ഇന്ന് വൈകുന്നേരം വിശാല യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. വൈകുന്നേരം 7 മണിക്ക് ചേരുന്ന യോഗത്തിലേക്ക് കേരളത്തിലെ ചില നേതാക്കൾക്കും ക്ഷണം ഉണ്ട്. സംഘടനാ ജനറൽ സെക്രട്ടറിയെ മാറ്റുന്നതടക്കമുള്ള ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പിൽ ഗ്രൂപ്പ് 23 നേതാക്കൾ പ്രവർത്തക സമിതി യോഗത്തിൽ പ്രതിഷേധിച്ചിരുന്നില്ല. എന്നാൽ നേതൃത്വത്തിൽ മാറ്റം വന്നില്ലെങ്കിൽ കോൺഗ്രസ് പാർട്ടിക്ക് വരും തെരഞ്ഞെടുപ്പുകളിലും തിരിച്ചടി നേരിടുമെന്ന വിലയിരുത്തലിലാണ് വീണ്ടും നിലപാട് കടുപ്പിക്കാൻ ജി 23 നേതാക്കൾ തീരുമാനിച്ചതെന്നാണ് വ്യക്തമാകുന്നത്.
കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ചാണ് കപിൽ സിബൽ രംഗത്തെത്തിയത്. കൂട്ടത്തോൽവി അത്ഭുതപ്പെടുത്തിയില്ലെന്ന് കപിൽ സിബൽ പറഞ്ഞു. എട്ട് വർഷമായി നടത്താത്ത ചിന്തൻ ശിബിർ (chinthan sibir)ഇപ്പോൾ നടത്തിയിട്ട് എന്ത് പ്രയോജനം? നേതാക്കളുടെ മനസിലാണ് ചിന്തൻ ശിബിർ നടക്കേണ്ടിയിരുന്നത്. കോൺഗ്രസ് എല്ലാവരുടേതുമാണ് ഒരു കുടുംബത്തിൻ്റെയല്ല. രാഹുൽ ഗാന്ധി ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു. പഞ്ചാബിലെത്തി ചന്നിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ രാഹുലിന് എന്തധികാരം ആണുള്ളതെന്നും കപിൽ സിബൽ ചോദിക്കുന്നു. നേതൃത്വം മാറുക തന്നെ വേണം . അല്ലാതെ പരിഷ്ക്കാര നടപടികൾ കൊണ്ട് മാത്രം ഗുണം ചെയ്യില്ലെന്നും കപിൽ സിബൽ തുറന്നടിച്ചു.
സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്നുറപ്പിച്ച് തരൂർ
കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യം വേണമെന്നും പ്രവർത്തകസമിതിയിൽ അടക്കം എല്ലാ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടത്തണമെന്നുമുള്ള നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ശശി തരൂർ. കഴിഞ്ഞ ദിവസം വിവിധ ദിനപത്രങ്ങളിലെഴുതിയ ലേഖനത്തിലാണ് പാർട്ടി നേതൃത്വത്തിന് ഒരു നിര നിർദേശങ്ങൾ തരൂർ നൽകിയത്. പുതിയ നേതാക്കൾക്ക് കടന്ന് വരാൻ അവസരമൊരുക്കണമെന്നും, അവരുടെ അഭിപ്രായം കേട്ട്, അവരെ പ്രോത്സാഹിപ്പിക്കാനുള്ള അവസരമുണ്ടാകണമെന്നും തരൂർ ആവശ്യപ്പെട്ടിട്ടുണ്ട്. 'വെല്ലുവിളി ഏറ്റെടുക്കണം' എന്ന തലക്കെട്ടിൽ വിവിധ ദിനപത്രങ്ങളിൽ എഴുതിയ ലേഖനത്തിൽ മോദിയെയും ബിജെപിയെയും വിമർശിക്കുന്നതിന് ഒപ്പം എന്ത് ചെയ്യാൻ പോകുന്നു എന്ന് കൂടി പറയണമെന്ന് തരൂർ ആവശ്യപ്പെടുന്നു. മൂല്യങ്ങളെ ഊട്ടിയുറപ്പിക്കേണ്ട സമയമാണിതെന്ന് തരൂർ ഓർമപ്പെടുത്തുന്നു. അരികുവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമായി കോൺഗ്രസ് തുടരണമെന്നും തരൂർ കൂട്ടിച്ചേർത്തിരുന്നു.
തെരഞ്ഞെടുപ്പ് പരാജയം, 5 പിസിസി അധ്യക്ഷൻമാരുടെയും രാജി ആവശ്യപ്പെട്ട് സോണിയ: സിബലിനെ തള്ളി ഗെല്ലോട്ട്