
ദില്ലി: രാജ്യത്ത് പന്ത്രണ്ടിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സീനേഷനും (Covid Vaccination) അറുപത് വയസ്സിന് മുകളിലുള്ളവർക്കുള്ള കരുതൽ ഡോസിന്‍റെ (Booster Dose) വിതരണവും ഇന്ന് തുടങ്ങും. 2010 മാർച്ച് 15 ന് മുമ്പ് ജനിച്ചവർക്കാണ് ഈ ഘട്ടത്തിൽ വാക്സിനേഷൻ നൽകുക. കൊർബവാക്സ് (Corbevax Vaccine) മാത്രമാകും കുട്ടികളിൽ കുത്തിവെക്കുക. ഇത് ഉറപ്പുവരുത്താനായി ഈ വിഭാഗത്തിലുള്ളവർക്ക് പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൊവിൻ ആപ്പിൽ സ്വന്തമായി അക്കൌണ്ട് ഉണ്ടാക്കിയോ കുടുംബാംഗങ്ങളുടെ അക്കൗണ്ട് വഴിയോ രജിസ്റ്റര്‍ ചെയ്യാം. വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടത്തിയും രജിസ്ട്രേഷൻ നടത്താം.
12 നും 14 നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷന്‍; മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി ആരോഗ്യമന്ത്രാലയം
നിലവിൽ 15 നും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമായിരുന്നു രാജ്യത്ത് വാക്‌സിൻ നൽകിയിരുന്നത്. സ്കൂളുകൾ പഴയത് പോലെ തുറന്നതോടെ കൂടുതൽ കുട്ടികൾക്ക് വാക്സീൻ നൽകാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ബയോളജിക്കൽ ഇ കമ്പനി പുറത്തിറക്കുന്ന കൊർബവാക്സ് ആകും കുട്ടികള്‍ക്ക് നല്‍കുക. കൊർബവാക്സ് ഉൾപ്പടെ മൂന്ന് വാക്സീനുകൾക്കാണ് നിലവിൽ 12 വയസ്സിന് മുകളിലുള്ളവരിൽ കുത്തിവെക്കാൻ അനുമതിയുള്ളത്. സൈക്കോവ് ഡി, കൊവാക്സീൻ എന്നിവയാണ് മറ്റ് രണ്ട് വാക്സീനുകൾ. ജനുവരി മൂന്നിനാണ് രാജ്യത്ത് പതിനഞ്ച് വയസ്സിന് മുകളിലുള്ളവരിൽ വാക്സിനേഷൻ തുടങ്ങിയത്. ഈ വിഭാഗത്തിലെ അർഹരായ മുഴുവൻ പേരും ആദ്യ ഡോസ് സ്വീകരിച്ചു. പകുതി പേർ വാക്സീനേഷൻ പൂർത്തിയാക്കി. ഇതോടെയാണ് 12 വയസിന് മുകളിലുള്ളവർക്കും വാക്സീൻ നൽകാൻ തീരുമാനിച്ചത്.
മുതിർന്ന പൗരന്മാർക്ക് കരുതൽ എന്ന നിലയിലാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. മറ്റ് അസുഖങ്ങൾ ഉള്ള മുതിർന്ന പൗരന്മാർക്ക് മാത്രമാണ് ഇതുവരെ കരുതൽ ഡോസ് നൽകിയിരുന്നത്. ഈ നിബന്ധന നീക്കി അറുപത് വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും വാക്സീൻ നൽകാനാണ് തീരുമാനം. രണ്ട് കോടി പേരാണ് രാജ്യത്ത് ഇതുവരെ കരുതൽ ഡോസ് സ്വീകരിച്ചത്.
കുട്ടികൾക്കുള്ള വാക്സിനേഷന് സുസജ്ജമായി കേരളം
സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷന്‍ പൈലറ്റടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്. ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്‌സിനേഷന്‍ നടത്തുക. ഈ കേന്ദ്രങ്ങളുടെ സ്ഥലവും സമയവും ജില്ലാതലത്തില്‍ അറിയിക്കുന്നതാണ്. കുട്ടികളുടെ വാക്‌സിനേഷന്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് വിശദമായ മാര്‍ഗരേഖ പുറത്തിറക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. 2010 ല്‍ ജനിച്ച എല്ലാവര്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെങ്കിലും വാക്‌സിന്‍ എടുക്കുന്ന ദിവസം 12 വയസ് പൂര്‍ത്തിയാല്‍ മാത്രമേ വാക്‌സിന്‍ നല്‍കുകയുള്ളൂ. 2010 മാര്‍ച്ച് 16ന് മുമ്പ് ജനിച്ച കുട്ടികള്‍ക്ക് വാക്‌സിനെടുക്കാന്‍ സാധിക്കും. അതുപോലെ അവരുടെ ജനനത്തീയതി വരുന്ന മുറയ്ക്ക് ബാക്കിയുള്ളവര്‍ക്കും വാക്‌സിനെടുക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
2010 ൽ ജനിച്ചവർക്കെല്ലാം രജിസ്റ്റർ ചെയ്യാം, പക്ഷേ 12 വയസ് പൂർത്തിയായാൽ മാത്രം വാക്സിൻ: ആരോഗ്യമന്ത്രി
വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വാക്‌സിനേഷന്‍ എല്ലാവരിലും എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. ഇപ്പോള്‍ പരീക്ഷാ കാലമാണ്. അത് കഴിഞ്ഞുള്ള വെക്കേഷന്‍ സമയത്ത് വാക്‌സിനേഷന്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കും. ചെറിയ കുട്ടികളായതിനാല്‍ രക്ഷിതാക്കളുടെ ആശങ്ക മനസിലാക്കി കൃത്യമായ ആസൂത്രണം നടത്തിയായിരിക്കും വാക്‌സിനേഷന്‍ നടത്തുക. വാക്‌സിനേഷന് പ്രത്യേക ശ്രദ്ധയും കരുതലും വേണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. നിലവില്‍ മുതിര്‍ന്നവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ ബോര്‍ഡ് നീലയും 15 മുതല്‍ 17 വയസുവരെയുള്ളവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ ബോര്‍ഡ് പിങ്കുമാണ്. മുതിര്‍ന്നവര്‍ക്ക് കോവിഷീല്‍ഡും, കോവാക്‌സിനും 15 മുതല്‍ 17 വയസുവരെയുള്ളവര്‍ക്ക് കോവാക്‌സിനുമാണ് നല്‍കുന്നത്. 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് പുതിയ കോര്‍ബിവാക്‌സാണ് നല്‍കുന്നത്. അതിനാല്‍ വാക്‌സിനുകള്‍ മാറാതിരിക്കാന്‍ മറ്റൊരു നിറം നല്‍കി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുന്നതാണെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam