Chintan Shivir: ബിജെപിക്കൊപ്പം ഇനി പ്രാദേശിക പാർട്ടികളോടും മത്സരം: വിശാലമുന്നണി സാധ്യത ഒഴിവാക്കി കോൺഗ്രസ്

By Web TeamFirst Published May 15, 2022, 7:19 PM IST
Highlights

ബിജെപിയെ എതിർക്കാൻ ചെറിയ പാർട്ടികളോട് വിട്ടുവീഴ്ച ചെയ്യുമ്പോൾ അവർ ഉള്ള ഇടം കൊണ്ടു പോകുന്നു എന്ന് കോൺഗ്രസ് തിരിച്ചറിയുന്നു

ഉദയ്പുർ: ബിജെപിക്കൊപ്പം പ്രാദേശിക പാർട്ടികളോടും മത്സരിക്കാൻ തീരുമാനിച്ചാണ് ഉദയ്പൂരിൽ കോൺഗ്രസിൻറെ ചിന്തൻ ശിബിരം (Chintan Shivir) അവസാനിച്ചത്. ദേശീയ തലത്തിൽ ചെറുപാർട്ടികളെ കൂട്ടിയുള്ള വിശാല മുന്നണിക്ക് തല്ക്കാലം ഇല്ലെന്ന സന്ദേശമാണ് കോൺഗ്രസ് നല്കുന്നത്. മൃദുഹിന്ദുത്വം ഉപേക്ഷിക്കുന്ന കാര്യത്തിൽ പാർട്ടിയിലെ ആശയക്കുഴപ്പം തുടരുകയാണ്.

സംഘടനയിൽ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാണ് കോൺഗ്രസിൻറെ ഉദയ്പൂർ പ്രഖ്യാപനം. യുവനേതാക്കൾ പാർട്ടിയുടെ നിർണ്ണായകസമിതികളിൽ വൈകാതെ എത്തിതുടങ്ങും. എന്നാൽ തെരഞ്ഞെടുപ്പ് തന്ത്രം എന്ത് എന്നതിൽ ചിന്തൻ ശിബിരത്തിന് വ്യക്തമായ ഉത്തരമില്ല. തല്ക്കാലം ഒറ്റയ്ക്ക് പോകാം. പാർട്ടിയുടെ കരുത്ത് കൂട്ടാം. ഇതാണ് കോൺഗ്രസിലെ ധാരണ. 

ബിജെപിയെ എതിർക്കാൻ ചെറിയ പാർട്ടികളോട് വിട്ടുവീഴ്ച ചെയ്യുമ്പോൾ അവർ ഉള്ള ഇടം കൊണ്ടു പോകുന്നു എന്ന് കോൺഗ്രസ് തിരിച്ചറിയുന്നു. അതിനാൽ തല്ക്കാലം ദേശീയതലത്തിലെ മുന്നണിയെക്കുറിച്ച് കോൺഗ്രസ് ആലോചിക്കുന്നില്ല. പ്രാദേശികപാർട്ടികളുടെ അത്തരം നീക്കങ്ങളോട് ചേരില്ല എന്ന സൂചനയാണ് രാഹുൽ ഗാന്ധി നല്കിയത്. അതിനർത്ഥം 2003ൽ ഷിംലയിൽ എടുത്ത നിലപാടിൽ നിന്ന് കോൺഗ്രസ് തലക്കാലം തിരിഞ്ഞു നടക്കുന്നു എന്നു തന്നെയാണ്.

ആർഎസ്എസിൻറെ വിചാരധാരയെ ശക്തമായി എതിർക്കും എന്ന് കോൺഗ്രസ് പറയുന്നു. എന്നാൽ മൃദുഹിന്ദുത്വ നിലപാടുകൾ പൂർണ്ണമായും തള്ളുമോ എന്നതിൽ മൗനം പാലിക്കുന്നു. ഗാന്ധികുടുംബത്തിൽ തന്നെയാണ് പാർട്ടി തല്ക്കാലം കറങ്ങുന്നത്. രാഹുൽ ഗാന്ധി തന്നെയായിരുന്നു ശ്രദ്ധാകേന്ദ്രം. അതിനു പുറത്തൊരാൾക്ക് അധികാരം കൈമാറും എന്ന സൂചനയൊന്നും ഉദയ്പൂർ നല്കുന്നില്ല. ജനങ്ങളുമായുള്ള ബന്ധം നഷ്ടമായെന്ന് കോൺഗ്രസ് തിരിച്ചറിയുന്നു. എന്നാൽ ഭാരതയാത്രയും സംഘടനാമാറ്റങ്ങളും മാത്രം നരേന്ദ്രമോദിയെ എതിർക്കാൻ മതിയാകുമോ എന്നറിയാൻ കാത്തിരിക്കാം.

click me!