
നരേന്ദ്ര മോദി രാജ്യത്തിൻറെ സമ്പത്ത് അദാനിക്കും അംബാനിക്കും കൈമാറുന്നു എന്ന പ്രചാരണം ശക്തമാക്കാൻ നിശ്ചയിച്ച് കോൺഗ്രസ്. മോദി തന്നെ ഈ വിഷയം പറയേണ്ടി വന്നത് വിജയമായെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. രാഹുൽ ഗാന്ധി ഇക്കാര്യം മിണ്ടുന്നില്ല എന്ന മോദിയുടെ ആരോപണം കളവെന്നും കോൺഗ്രസ് പ്രതികരിച്ചു.
അദാനിക്കും അംബാനിക്കും എതിരെ രാഹുൽ ഗാന്ധി അടുത്തിടെ മിണ്ടാത്തത് ട്രക്കുകളിൽ കള്ളപണം കിട്ടിയത് കൊണ്ടാണോ എന്ന് നരേന്ദ്ര മോദി ഇന്നലെ തെലങ്കാനയിൽ പറഞ്ഞിരുന്നു. ഇതാദ്യമായി മോദിക്ക് അദാനിയെക്കുറിച്ച് പറയേണ്ടി വന്നത് കാറ്റ് മാറി വീശുന്നു എന്നതിന് തെളിവാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. ഇന്നലെ രാഹുൽ ഗാന്ധി മോദിയുടെ ആരോപണം തള്ളുന്ന വിഡിയോ പങ്കു വച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ച നടത്തിയ പ്രസംഗത്തിലെല്ലാം രാഹുൽ മോദി വ്യവസായികളെ സഹായിക്കുന്ന വിഷയം ഉപയോഗിച്ചിരുന്നു എന്നാണ് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഇതിൻറെ വിഡിയോ തെളിവായി നല്കുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
മോദി തന്നെ വിഷയം ചർച്ചയാക്കിയതിനാൽ ഇക്കാര്യം ഇനിയുള്ള പ്രചാരണത്തിൽ ശക്തമായി ഉന്നയിക്കും. തൊഴിലില്ലായ്മയും വിലക്കയറ്റവും താഴേ തട്ടിൽ ചർച്ചയാക്കുന്നത് കൊണ്ടാണ് രാഹുലിനെ വ്യവസായികളുടെ സുഹൃത്തായി ചിത്രീകരിക്കാൻ മോദി നോക്കുന്നതെന്നും കോൺഗ്രസ് കരുതുന്നു. മോദി ഈ വിഷയം ഉന്നയിച്ചത് എന്തുകൊണ്ടെന്ന അമ്പരപ്പ് ബിജെപി ക്യാംപിലും കാണുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam