Congress holds crucial meeting: നേതൃമാറ്റം നടക്കുമോ? കോൺഗ്രസ് പ്രവർത്തകസമിതിയോഗം അഞ്ചാം മണിക്കൂറിലേക്ക്

Published : Mar 13, 2022, 07:47 PM IST
Congress holds crucial meeting: നേതൃമാറ്റം നടക്കുമോ?  കോൺഗ്രസ് പ്രവർത്തകസമിതിയോഗം അഞ്ചാം മണിക്കൂറിലേക്ക്

Synopsis

ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ, മുകുള്‍ വാസ്നിക് എന്നിവരാണ് ഗ്രൂപ്പ് 23 ന്‍റെ ഭാഗമായി പ്രവര്‍ത്തക സമിതിക്കെത്തുക.   

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ പരാജയത്തിന് പിന്നാലെ ചേർന്ന കോണ്ഗ്രസ് പ്രവർത്തസമിതിയോഗം അഞ്ചാം മണിക്കൂറിലേക്ക് നീങ്ങുന്നു . എഐസിസിസി ആസ്ഥാനത്ത് തുടരുന്ന യോഗത്തിൽ ചർച്ചകൾ ഏത് രീതിയിലാണ് മുന്നോട്ട് പോകുന്നത് എന്നത് സംബന്ധിച്ച് യാതൊരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. സാധാരണഗതിയിൽ പ്രവർത്തകസമിതിയോഗം തുടരുന്നതിനിടെ സംഘടന സെക്രട്ടറിയുടെ പേരിൽ യോഗത്തിൻ്റെ പുരോഗതിയും തുടർനടപടികളും വിശദീകരിച്ചു കൊണ്ടുള്ളവാർത്താക്കുറിപ്പ് എഐസിസി പുറപ്പെടുവിക്കാറുണ്ട്. എന്നാൽ ഇന്ന് നാല് മണിക്ക് യോഗം തുടങ്ങി ഇത്രസമയം പിന്നിട്ടിട്ടുണ്ടും യാതൊരു വിവരവും പുറത്തേക്ക് വന്നിട്ടില്ല.

നിലവിലെ ഇടക്കാല അധ്യക്ഷയായ സോണിയാ ഗാന്ധിയെ മാറ്റി കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മുകുൾ വാസ്നികിനെ നിയോഗിക്കണമെന്നാണ് കോൺഗ്രസിലെ വിമത നേതാക്കളുടെ കൂട്ടായ്മയായ ജി 23 ആവശ്യപ്പെടുന്നത്. മുകുൾ വാസ്നിക്കിനെ അംഗീകരിക്കാൻ ഭൂരിപക്ഷം പ്രവർത്തകസമിതി അംഗങ്ങളും തയ്യാറാകില്ലെങ്കിലും ഒരു പ്രതിഷേധമെന്ന നിലയ്ക്കാണ് വിമതനേതാക്കൾ വാസ്നികിന്‍റെ പേര് നിർദേശിക്കുന്നത്. 

തെരഞ്ഞെടുപ്പിൽ അഞ്ച് സംസ്ഥാനങ്ങളിൽ തകർന്നടിഞ്ഞതോടെ ഇനി മുന്നോട്ടെന്ത് എന്നറിയാതെ ഇരുളിലേക്ക് നോക്കി നിൽക്കുകയാണ് കോൺഗ്രസ്. പതിവില്ലാത്ത വിധം ഗാന്ധി കുടുംബത്തിന് മേൽ രാജി വയ്ക്കണമെന്ന സമ്മർദ്ദം ശക്തമാണ്. കഴിഞ്ഞ എട്ട് വർഷത്തിലേറെ പാർട്ടിക്ക് തുടർച്ചയായി ഉണ്ടാവുന്ന പരാജയത്തിൻ്റെ അടിസ്ഥാനത്തിൽ ഗാന്ധി കുടുംബം നേതൃസ്ഥാനമൊഴിയാൻ തയ്യാറാവണം എന്നാണ് ജി ൨൩ കൂട്ടായ്മയിലെ നേതാക്കളുടെ നിലപാട്. ഇന്നത്തെ പ്രവർത്തകസമിതിയോഗത്തിൽ ഇക്കാര്യം അവർ ശക്തമായി ആവശ്യപ്പെടും എന്ന് വ്യക്തമായിരുന്നു. 

രാജി വയ്ക്കാൻ തയ്യാറാണെന്ന നിലപാടിൽ രാഹുൽ, പ്രിയങ്ക, സോണിയ എന്നിവർ എത്തിയെങ്കിലും അത് പ്രവർത്തകസമിതി അംഗീകരിച്ചേക്കില്ലെന്നാണ് സൂചന. ഗാന്ധി കുടുംബത്തോട് അനുഭാവം കാണിക്കുന്നവരാണ് പ്രവർത്തക സമിതിയോഗത്തിലേറെയും. രാജി വാര്‍ത്തകള്‍ക്ക് പിന്നാലെ നേതൃത്വം ഒഴിയരുതെന്ന മുറവിളി വിശ്വസ്തരില്‍ നിന്ന് ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്. പരാജയത്തില്‍ കൂട്ടുത്തരവാദിത്തം എന്ന കവചമുയര്‍ത്തി എതിര്‍ സ്വരങ്ങളെ തടുക്കാനുള്ള തയ്യാറെടുപ്പിലാണ് 54 അംഗ പ്രവര്‍ത്തക സമിതിയില്‍ ഭൂരിപക്ഷമുള്ള ഗാന്ധി കുടുംബത്തിന്‍റെ അനുകൂലികള്‍. 

രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനാകണമെന്ന് പ്രവർത്തകസമിതി യോഗത്തിന് എത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട് ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് ഐക്യത്തിന് ഗാന്ധി കുടുംബം നേതൃസ്ഥാനത്ത് അനിവാര്യമാണെന്നും ഗലോട്ട് വ്യക്തമാക്കി. കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറും ഗാന്ധികുടുംബം മാറിയാൽ പാർട്ടിയി. ഐക്യം തകരുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. സമ്മർദ്ദം മുറുകുന്നതിനിടെ സോണിയാഗാന്ധിക്ക് പിന്തുണയുമായി എഐസിസി ആസ്ഥാനത്തിന് മുന്നിൽ ഒരു സംഘം പ്രവർത്തകർ ഇന്ന് പ്രകടനം നടത്തുകയും ചെയ്തു. 

ഇന്ന് രാവിലെ  പാർട്ടിയുടെ നയരൂപീകരണ സമിതി യോഗം ചേര്‍ന്നെങ്കിലും തെരഞ്ഞെടുപ്പ് തോല്‍വിയടക്കമുള്ള വിഷയങ്ങള്‍ ചർച്ചയായില്ല. മനീഷ് തിവാരി അടക്കമുള്ള വിമത നേതാക്കൾ തെരഞ്ഞെടുപ്പ് പരാജയം ചർച്ചയാക്കാൻ ശ്രമിച്ചെങ്കിലും നേതൃത്വം അനുവദിച്ചില്ലെന്നാണ് സൂചന. ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ, മുകുള്‍ വാസ്നിക് എന്നിവരാണ് ഗ്രൂപ്പ് 23 ന്‍റെ ഭാഗമായി പ്രവര്‍ത്തക സമിതിക്കെത്തുക. 

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ളയാള്‍ അധ്യക്ഷനാകണമെന്നാവര്‍ത്തിക്കുന്ന ഗ്രൂപ്പ് 23, പ്രവര്‍ത്തക സമിതി അംഗം മാത്രമായ രാഹുല്‍ഗാന്ധി സംഘടനയില്‍ അധികമായി ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടും. തോല്‍വിയില്‍ കെ സി വേണുഗോപാലിനെതിരെ നടപടി വേണമെന്ന ആവശ്യവും അവർ മുന്നോട്ട് വയ്ക്കുന്നുണ്ട്. അഞ്ച്  സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍സെക്രട്ടറിമാര്‍ എന്തു കൊണ്ടു തോറ്റു എന്നത് സംബന്ധിച്ച  പ്രാഥമിക റിപ്പോര്‍ട്ട് യോഗത്തില്‍  അവതരിപ്പിക്കും. പിസിസി അധ്യക്ഷന്മാര്‍ രാജി സന്നദ്ധത അറിയിച്ചേക്കുമെന്നും സൂചനയുണ്ട്.

സംസ്ഥാനങ്ങളിലെ സാഹചര്യം പരിശോധിക്കാതെ വിശ്വസ്തരുടെ മാത്രം വാക്ക് കേട്ട് രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും ചേര്‍ന്ന് തീരുമാനമെടുക്കുകയായിരുന്നുവെന്നാണ് ചില നേതാക്കള്‍ തോൽവിക്ക് ശേഷം പറയുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് സംഘടനയെ ചലിപ്പിക്കുന്നതില്‍ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പരാജയപ്പെട്ടു. അവസാനഘട്ടത്തില്‍ കുറച്ച് ദിവസം പഞ്ചാബില്‍ പോയി  നിന്നതല്ലാതെ മറ്റൊരു സംസ്ഥാനത്തും പ്രചാരണത്തിനായി കെ സി വേണുഗോപാല്‍ ഇറങ്ങിയില്ലെന്നും ചിലര്‍ കുറ്റപ്പെടുത്തുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കെ സി വേണുഗോപാല്‍ തുടരുന്നതിനെതിരെയും വിമര്‍ശനം ശക്തമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം