
ദില്ലി: കോണ്‍ഗ്രസിലെ പ്രതിസന്ധി ഇനിയും നീളാന്‍ സാധ്യത. ഈയാഴ്ച അവസാനം രാഹുല്‍ഗാന്ധി വിദേശത്തേക്ക് പോകും. രാഹുൽഗാന്ധി തന്നെ എഐസിസി അധ്യക്ഷസ്ഥാനത്ത് തുടരണമെന്ന ആവശ്യവുമായെത്തിയ പ്രവര്‍ത്തകര്‍, സമരം ചെയ്തിട്ട് പ്രയോജനമില്ലെന്ന് കണ്ടതോടെ പിന്മാറി.
പാര്‍ട്ടി അധ്യക്ഷസ്ഥാനത്തെച്ചൊല്ലിയുള്ള പ്രതിസന്ധി തുടരുകയാണ്. പകരക്കാരനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയെങ്കിലും അതിനും രാഹുല്‍ മുഖം നല്‍കുന്നില്ല. പ്രവര്‍ത്തക സമിതി വിളിക്കുന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ഇതിനിടെയാണ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോകുന്നുവെന്ന വിവരം വരുന്നത്.
ചികിത്സാര്‍ത്ഥം വിദേശത്തുള്ള സഹോദരീ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ സന്ദര്‍ശിക്കാനാണ് രാഹുൽ വിദേശത്തേക്ക് പോകുന്നത്. സാമ്പത്തിക ക്രമക്കേടില്‍ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണം നേരിടുന്ന വദ്രക്ക് കുടലിലെ ശസ്ത്രക്രിയക്കായി അമേരിക്കയിലോ നെതര്‍ലാന്‍ഡ്സിലോ ചികിത്സ തേടാന്‍ സിബിഐ കോടതി അനുമതി നല്‍കിയിരുന്നു.
പക്ഷേ, ചികിത്സാകേന്ദ്രം എവിടെയെന്ന വിവരം പുറത്ത് വിട്ടിട്ടില്ല. അതിനാല്‍ രാഹുലിന്‍റെ സന്ദര്‍ശന വിവരങ്ങളും വ്യക്തമല്ല. ശനിയാഴ്ച സോണിയ ഗാന്ധിക്കൊപ്പം പോകുന്ന രാഹുല്‍ അടുത്ത ബുധനാഴ്ചയോടെയാണ് മടങ്ങിയെത്തുക. സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കേരളത്തിലേക്കും പോയി. അതിനാല്‍ അധ്യക്ഷചര്‍ച്ച തല്‍ക്കാലം മരവിച്ചിരിക്കുകയാണ്.
സാഹചര്യം മനസിലാക്കി സമരക്കാരും പിന്‍വാങ്ങി. എഐസിസി ഓഫീസിന് മുന്നിലും, ഓഫീസ് വളപ്പിലുമായി നടന്ന സമരം ചൊവ്വാഴ്ച രാത്രി അവസാനിപ്പിച്ചു. കൂട്ട രാജിയും നിലച്ചു. രാഹുലിന്‍റെ പഴിയേറെ കേട്ട പ്രവര്‍ത്തകസമിതിയില്‍ നിന്ന് അധികമാരും രാജി വച്ചിട്ടുമില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam