കൂറുമാറ്റ വിവാദം, മുഖ്യമന്ത്രി പദം; കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ദള്‍ പോര് മുറുകുന്നു

By Web TeamFirst Published May 13, 2019, 10:33 PM IST
Highlights

കോണ്‍ഗ്രസ്, ദള്‍ നേതാക്കള്‍ പരസ്യമായി ഏറ്റുമുട്ടിയതോടെ തന്ത്രവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മെയ് 23ന് ശേഷം സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകുമെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നു.

ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി  രംഗത്തെത്തിയതും കൂറുമാറ്റ വിവാദവും  കര്‍ണാടകയിലെ ദള്‍-കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തുന്നു. മുതിര്‍ന്ന നേതാവും മന്ത്രിയുമായ എംബി പാട്ടീലിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന ആവശ്യവുമായി രംഗത്തുവന്നത്.

ബംഗളൂരു ഡെവലപ്മെന്‍റ് അതോറിറ്റി ചെയര്‍മാനും എംഎല്‍എയുമായ എസ്ടി സോമശേഖര്‍ കഴിഞ്ഞ ദിവസം സിദ്ധരാമയ്യക്ക് വേണ്ടി പരസ്യമായി രംഗത്തെത്തി. സിദ്ധരാമയ്യ സംസ്ഥാനത്തെ നയിക്കാന്‍ ഏറ്റവും യോഗ്യനായ വ്യക്തിയാണെന്നും അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശനം ആനകള്‍ക്ക് നേരെയുള്ള നായ്ക്കളുടെ കുരയായി കണ്ടാല്‍ മതിയെന്നുമാണ് അദ്ദേഹം പറഞ്ഞത്. കോണ്‍ഗ്രസ് നേതാക്കള്‍ പരിധി വിട്ടതോടെ ജെഡിഎസ് നേതാക്കളും രംഗത്തെത്തി. മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞു കിടക്കുകയല്ലെന്നും മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിദ്ധരാമയ്യുടെ ട്രാക്ക് റെക്കോഡ് എന്താണെന്ന്  പരിശോധിക്കണമെന്നും ജെഡിഎസ് നേതാവ് എച്ച് വിശ്വനാഥ് ചോദിച്ചു. 

എച്ച് വിശ്വനാഥിനെതിരെ സിദ്ധരാമയ്യയും രംഗത്തെത്തി. വിശ്വനാഥിന്‍റെ വാക്കുകള്‍ അസൂയ  കാരണമാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. ആദ്യം ദേവഗൗഡയാണ് എനിക്കെതിരെ രംഗത്തു വന്നത്. ഇപ്പോള്‍ വിശ്വനാഥും. അടുത്തത് ആരാകുമെന്നും സിദ്ധരാമയ്യ ചോദിച്ചു. തനിക്കെതിരെ നിരുത്തരവാദപരമായ വാക്കുകള്‍ ഉന്നയിക്കുന്നത് നല്ലതാണോ എന്ന് ജെഡിഎസ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഖ്യം സുഗമമാക്കാന്‍ രൂപീകരിച്ച കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ തലവനാണ് സിദ്ധരാമയ്യ.  

മല്ലികാര്‍ജുര്‍ ഖാര്‍ഗെക്കെതിരെ കലബുറഗിയില്‍ ചിഞ്ചോളി മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയായ ഉമേഷ് ജാദവിനെ അടര്‍ത്തിയെടുത്താണ് ബിജെപി നേരിടുന്നത്. തുടര്‍ന്ന് മണ്ഡലത്തില്‍ സിദ്ധരാമയ്യ പ്രചാരണം ശക്തമാക്കി. ഉമേഷിന്‍റെ കൂറുമാറ്റം വിഷയമാക്കിയായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രചാരണം. എന്നാല്‍, ദളില്‍നിന്ന് സിദ്ധരാമയ്യ കൂറുമാറിയതാണെന്ന് ബിജെപി തിരിച്ചടിച്ചു. ദള്‍ തന്നെ പുറത്താക്കിയതാണെന്ന് സിദ്ധരാമയ്യ വിശദീകരിച്ചതോടെയാണ് ദള്‍ നേതാക്കള്‍ സിദ്ധരാമയ്യക്കെതിരെ സ്വരം കടുപ്പിച്ചത്. ദള്‍ നേതാക്കളുടെ പ്രതികരണത്തില്‍ ദേവഗൗഡയോ കുമാരസ്വാമിയെ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 

കോണ്‍ഗ്രസ്, ദള്‍ നേതാക്കള്‍ പരസ്യമായി ഏറ്റുമുട്ടിയതോടെ തന്ത്രവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മെയ് 23ന് ശേഷം സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകുമെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നു. അസംതൃപ്തരായ 20ഓളം കോണ്‍ഗ്രസ് എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പം വരുമെന്ന് നേരത്തെ ബിഎസ് യെദ്യൂരപ്പ അവകാശപ്പെട്ടിരുന്നു.
എന്നാല്‍, ബിജെപി ദിവാസ്വപ്നം കാണേണ്ടെന്നും സഖ്യം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നും കര്‍ണാടക മേല്‍നോട്ടമുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 78 എംഎല്‍എമാകും ദളിന് 37 എംഎല്‍എമാരുമാണുള്ളത്. ദള്‍ നേതാവ് എച്ച്ഡി കുമാരസ്വാമിയാണ് മുഖ്യമന്ത്രി. 104 എംഎല്‍എമാരുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 

click me!