സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്ത നല്‍കിയാല്‍ പരസ്യമില്ല; ബീഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ പരസ്യത്തിന് ചിലവാക്കിയത് 498 കോടി

By Web TeamFirst Published May 13, 2019, 8:49 PM IST
Highlights

കോടികള്‍ പരസ്യത്തിനായി ചിലവഴിക്കുന്നതിനൊപ്പം നിതീഷ് കുമാര്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കെതിരെ പരസ്യങ്ങളെ ആയുധമാക്കുകയും ചെയ്യുന്നുണ്ട്

പറ്റ്ന: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ ബീഹാറില്‍ 498 കോടി പരസ്യത്തിനായി ചിലവഴിച്ചതായി റിപ്പോര്‍ട്ട്. വിവരാവകാശ നിയമ പ്രകാരമാണ് ഇതിന്‍റെ വിവരങ്ങള്‍ ലഭിച്ചത്. ഇലക്ട്രോണിക്, പ്രിന്‍റ്  മാധ്യമങ്ങളിലൂടെയുള്ളപരസ്യത്തിനാണ് ഇത്രയും തുക സര്‍ക്കാര്‍ മുടക്കിയത്.  2014-2015 വര്‍ഷങ്ങളില്‍  83,34,28,851 കോടി രൂപയാണ് സര്‍ക്കാര്‍ പരസ്യത്തിനായി ചിലവഴിച്ചത്. 2015 -2016 വര്‍ഷങ്ങളില്‍ 15 കോടി കൂടി വര്‍ധിച്ച് 98,42,14,181 രൂപയും ചിലവഴിച്ചു. 

2015 ല്‍ ലാലു പ്രസാദ് യാദവിന്‍റെ ആര്‍ജെഡിയുമായി ചേര്‍ന്ന് മഹാസഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി. പിന്നീട് ബിജെപിയുമായി ചേര്‍ന്ന് അധികാരത്തിലെത്തി. ഇതിന് ശേഷം 2016-2017 വര്‍ഷങ്ങളില്‍  86,85,20,318 രൂപയും  2017-18 ല്‍ 92,J53,17,589 രൂപയും ഗവര്‍മെന്‍റിന്‍റെ പരസ്യത്തിന് ചിലവഴിച്ചു. 2018-19 വര്‍ഷത്തില്‍  1,33,53,18,694 കോടി രൂപയാണ് ചിലവഴിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

'ദി വയര്‍'ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതത്. മുന്‍ വര്‍ഷങ്ങളില്‍ പരസ്യത്തിനായി ചിലവഴിച്ച തുകയേക്കാള്‍ വലിയ വര്‍ധനയാണ് കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഉണ്ടായത്. 2008-09 വര്‍ഷങ്ങളിലാണ് ബീഹാറില്‍ സര്‍ക്കാര്‍ ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പരസ്യം ചെയ്യാനായി ആരംഭിച്ചത്. ആ വര്‍ഷം  25.3 ലക്ഷമായിരുന്നു പരസ്യത്തിനായി ചിലവാക്കിയത്. 

കോടികള്‍ പരസ്യത്തിനായി ചിലവഴിക്കുന്നതിനൊപ്പം നിതീഷ് കുമാര്‍, മാധ്യമങ്ങള്‍ക്കെതിരെ പരസ്യങ്ങളെ ആയുധമാക്കുകയും ചെയ്യുന്നുണ്ട്. വിമര്‍ശിക്കുന്ന മാധ്യമങ്ങളില്‍ പരസ്യം നല്‍കുന്നത്  തടഞ്ഞാണ് പ്രതികാരനടപടികള്‍ സര്‍ക്കാര്‍ എടുക്കുന്നത്. സര്‍ക്കാര്‍ വിരുദ്ധവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആ മാധ്യമത്തില്‍ സര്‍ക്കാര്‍ പരസ്യം ചെയ്യില്ല.

വലിയ തുക ലഭിക്കുന്ന പരസ്യങ്ങള്‍ നഷ്ടപ്പെടുമെന്നതിനാല്‍ മാധ്യമങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ നല്‍കാന്‍ മടിക്കുന്നുവെന്നും അതല്ലെങ്കില്‍ പ്രാധാന്യം കുറഞ്ഞ രീതിയില്‍ വാര്‍ത്തകള്‍ ഉള്‍പ്പേജില്‍ നല്‍കുന്നുവെന്നും മുതിര്‍ന്ന മാധ്യമ  പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കുന്നു. 

click me!