'കശ്മീരിൽ' പിന്തുണ ബിജെപിക്ക്: കോൺഗ്രസ് തനത് ശൈലിയിൽ നിന്ന് പിൻമാറിയെന്ന് ഹൂഡ

By Web TeamFirst Published Aug 18, 2019, 4:27 PM IST
Highlights

കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസല്ല. അതിന് അതിന്‍റെ ശൈലി നഷ്ടപ്പെട്ടുകഴിഞ്ഞു. ദേശീയതയുടെയും ആത്മാഭിമാനത്തിന്‍റെയും കാര്യം വരുമ്പോള്‍ ഒരുമായും ഒത്തുതീര്‍പ്പിന് താന്‍ തയ്യാറാവില്ല.

ദില്ലി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുകയും ചെയ്ത മോദി സര്‍ക്കാരിന്‍റെ തീരുമാനത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡ രംഗത്ത്. കോൺഗ്രസ്സ് തനത് ശൈലിയിൽ നിന്ന് പിന്മാറിയാതായും ഹൂഡ പറഞ്ഞു.  കോൺഗ്രസ്സ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പരിവര്‍ത്തന്‍ റാലിയിലെ ഹൂഡയുടെ പ്രസ്താവന. 

കടുത്ത രാഷ്ട്രീയ തീരുമാനങ്ങളൊന്നും പ്രഖ്യാപിക്കാതെയാണ് ഭൂപീന്ദർ സിംഗ് ഹൂഡയുടെ പരിവര്‍ത്തന്‍ റാലി സമാപിച്ചത്. "ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തെ ഞാന്‍ പിന്തുണയ്ക്കുന്നു. പക്ഷേ, ഹരിയാനയിലെ ബിജെപി  സര്‍ക്കാരിനോട് എനിക്കു ചോദിക്കാനുള്ളത് കഴിഞ്ഞ അഞ്ച് വര്‍ഷവും എന്തു ചെയ്തു എന്നാണ്. കേന്ദ്രസര്‍ക്കാരിന്‍റെ കശ്മീര്‍ തീരുമാനത്തിന് പിന്നില്‍ ഒളിച്ചിരിക്കരുത്. ഹരിയാനയില്‍ നിന്നുള്ള സഹോദരന്മാര്‍ കശ്മീരില്‍ സൈനികരായുണ്ട്. അതുകൊണ്ടാണ് ഞാന്‍ ആ തീരുമാനത്തെ പിന്തുണച്ചത്." ഹൂഡ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ശരിയായതു ചെയ്താല്‍ താന്‍ പിന്തുണ നല്‍കും. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തെ തന്‍റെ സഹപ്രവര്‍ത്തകരില്‍ നിരവധി പേര്‍ എതിര്‍ത്തു. കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസല്ല. അതിന് അതിന്‍റെ ശൈലി നഷ്ടപ്പെട്ടുകഴിഞ്ഞു. ദേശീയതയുടെയും ആത്മാഭിമാനത്തിന്‍റെയും കാര്യം വരുമ്പോള്‍ ഒരുമായും ഒത്തുതീര്‍പ്പിന് താന്‍ തയ്യാറാവില്ല, 13 എംഎൽഎമാർ തനിക്കൊപ്പമുണ്ട്. രാഷ്ട്രീയഭാവി സംബന്ധിച്ച  തീരുമാനം തനിക്കൊപ്പം നിൽക്കുന്ന എംഎല്‍എമാരും ജന പ്രതിനിധികളും അടങ്ങുന്ന സമിതി തീരുമാനിക്കുമെന്നും ഹൂഡ അഭിപ്രായപ്പെട്ടു. 

click me!