
ദില്ലി: ഹാഥ്റസിൽ ദളിത് പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ യുപി സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. യുപിയിൽ ഇത് പുതിയ സംഭവമല്ലെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
"യുപിയിൽ ഒരു സർക്കാർ സംവിധാനമുണ്ടോ? ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്. ആൾക്കൂട്ട മർദനം, പ്രതിപക്ഷ നേതാക്കളെ കൊലപ്പെടുത്തൽ, അവർക്കെതിരെ കേസ് കൊടുക്കൽ തുടങ്ങിയ സംഭവങ്ങൾ നേരത്തേയുണ്ടായിരുന്നു. ഇത് പുതിയതല്ല, യുപിയിൽ പതിവാണ്" -ഗുലാം നബി ആസാദ് പറഞ്ഞു. പൊലീസ് ഒരുഭാഗം മാത്രമാണെന്നും ഭരണകർത്താവിന്റെ മനോഭാവമാണ് ഉത്തരവാദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഹാഥ്റസിൽ എത്തി യുവതിയുടെ കുടുംബത്തെ കാണാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും യുപി പൊലീസ് അനുമതി നൽകിയിട്ടുണ്ട്. കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ, ലോക്സഭാ കക്ഷി നേതാവ് അധീരജ്ഞൻ ചൗധരി എന്നിവർ രാഹുലിനെ അനുഗമിക്കും. എന്നാൽ, ഇരയുടെ നീതിക്ക് വേണ്ടിയല്ല രാഹുലിന്റെ സന്ദർശനമെന്നും ഇതിന് പിന്നിൽ രാഷ്ട്രീയം മാത്രമാണെന്നും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam