
ലഖ്നൗ: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ദളിത് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ഹാഥ്റസിൽ രാഹുൽ രണ്ടാമതും സന്ദർശനം നടത്തുന്നതിനിടെയാണ് ഇറാനിയുടെ പ്രതികരണം. ഇരയുടെ നീതിക്ക് വേണ്ടിയല്ല രാഹുലിന്റെ സന്ദർശനമെന്നും ഇതിന് പിന്നിൽ രാഷ്ട്രീയം മാത്രമാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
"കോൺഗ്രസിന്റെ തന്ത്രങ്ങളെക്കുറിച്ച് ജനങ്ങൾക്ക് അറിയാം. അതുകൊണ്ടാണ് 2019 ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ചരിത്രപരമായ വിജയം ഉറപ്പാക്കാനായത്. ഒരു ജനാധിപത്യ രാഷ്ട്രത്തിലെ ഒരു നേതാവിനെ എനിക്ക് തടയാൻ കഴിയില്ല, പക്ഷേ അവരുടെ ഹാഥ്റസ് സന്ദര്‍ശനം രാഷ്ട്രീയമാണെന്നും അല്ലാതെ ഇരയോട് നീതി പുലര്‍ത്താനല്ലെന്നും ജനം മനസ്സിലാക്കുന്നുണ്ട്"സ്മൃതി ഇറാനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ വാരണാസിയിൽ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. മുദ്രവാക്യങ്ങളുമായാണ് പ്രതിഷേധക്കാർ ഇറാനിയെ തടഞ്ഞത്. പ്രതിഷേധക്കാരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കിയെന്ന് കോൺഗ്രസ് വക്താവ് ലാലൻ കുമാർ പറഞ്ഞു.
അതേസമയം, ഹാഥ്റസിൽ എത്തി യുവതിയുടെ കുടുംബത്തെ കാണാൻ രാഹുലിനും പ്രിയങ്ക ഗാന്ധിക്കും യുപി പൊലീസ് അനുമതി നൽകി. ഇവർക്കൊപ്പം അഞ്ച് പേർക്ക് കൂടി ഗ്രാമത്തിലേക്ക് പോകാമെന്നും യുപി പൊലീസ് അറിയിച്ചിട്ടുണ്ട്. ഒരു തരത്തിലുള്ള പ്രകോപനവും സൃഷ്ടിക്കരുതെന്നും അണികളെ യാത്രാമധ്യേ അഭിസംബോധന ചെയ്യരുതെന്നും രാഹുലിനോടും പ്രിയങ്കയോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ, ലോക്സഭാ കക്ഷി നേതാവ് അധീരജ്ഞൻ ചൗധരി എന്നിവർ രാഹുലിനെ അനുഗമിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam