
ചണ്ഡിഗഡ്: ആർഎസ്എസിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആർഎസ്എസുകാർ 21ാം നൂറ്റാണ്ടിലെ കൗരവരാണെന്ന് അദ്ദേഹം ആരോപിച്ചു. ഭാരത് ജോഡോ യാത്ര ഹരിയാനയിലെ അംബാല ജില്ലയിൽ എത്തിയപ്പോൾ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഹുൽ.
ഹരിയാന മഹാഭാരതത്തിന്റെ നാടാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു."ആരായിരുന്നു കൗരവർ? 21-ാം നൂറ്റാണ്ടിലെ കൗരവരെക്കുറിച്ച് ഞാൻ ആദ്യം നിങ്ങളോട് പറയും, അവർ കാക്കി ട്രൗസർ ധരിക്കുന്നു, അവർ കൈയിൽ ലാത്തി പിടിക്കുകയും ശാഖയിൽ പോകുകയും ചെയ്യുന്നു.... ഇന്ത്യയിലെ രണ്ടുമൂന്ന് ശതകോടീശ്വരന്മാർ കൗരവർക്കൊപ്പം നിൽക്കുന്നു," രാഹുൽ ആരോപിച്ചു.
"പാണ്ഡവർ നോട്ട് നിരോധനം നടത്തിയോ, തെറ്റായ ജിഎസ്ടി നടപ്പാക്കിയിരുന്നോ? അവർ എപ്പോഴെങ്കിലും അങ്ങനെ ചെയ്യുമായിരുന്നോ? ഒരിക്കലുമില്ല, എന്തുകൊണ്ട്? അവർ തപസ്വികളായിരുന്നതിനാലാണ്. നോട്ട് നിരോധനം, തെറ്റായ ജിഎസ്ടി, കാർഷിക നിയമങ്ങൾ എന്നിവ ഈ നാട്ടിലെ തപസ്വികളിൽ നിന്ന് മോഷ്ടിക്കാനുള്ള മാർഗമാണെന്ന് അവർക്ക് അറിയാമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ തീരുമാനങ്ങളിൽ ഒപ്പുവച്ചു. എന്നാൽ നിങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും, ഇന്ത്യയിലെ രണ്ടുമൂന്ന് ശതകോടീശ്വരന്മാരുടെ ശക്തി ഇതിന് പിന്നിലുണ്ടായിരുന്നു. ജനങ്ങൾക്ക് ഇത് മനസ്സിലാകുന്നില്ല. പക്ഷേ അന്നത്തെ പോരാട്ടം ഇന്നും അങ്ങനെ തന്നെ. ആര് തമ്മിലുള്ള പോരാട്ടം? ആരാണ് പാണ്ഡവർ? അർജ്ജുനാ, ഭീമൻ തുടങ്ങിയവർ ... അവർ തപസ്സ് ചെയ്യാറുണ്ടായിരുന്നു," രാഹുൽ പറഞ്ഞു. പാണ്ഡവർ ഈ മണ്ണിൽ വിദ്വേഷം പടർത്തുന്നതായും നിരപരാധിയായ ഒരു വ്യക്തിക്കെതിരെ എന്തെങ്കിലും ചെയ്യുന്നതായും കേട്ടിട്ടുണ്ടോ എന്ന് അദ്ദേഹം സദസ്സിനോട് ചോദിച്ചു.
ഒരു വശത്ത് ഈ അഞ്ച് തപസ്വികൾ ഉണ്ടായിരുന്നു. മറുവശത്ത് തിങ്ങിനിറഞ്ഞ ഒരു സംഘം ഉണ്ടായിരുന്നു. പാണ്ഡവരോടൊപ്പം എല്ലാ മതത്തിൽപ്പെട്ടവരും ഉണ്ടായിരുന്നു, ഈ ഭാരത് ജോഡോ യാത്ര പോലെ. ആരും ആരോടും എവിടെ നിന്ന് വരുന്നു എന്ന് ചോദിക്കുന്നില്ല. പാണ്ഡവർ അനീതിക്കെതിരെ നിലകൊണ്ടിരുന്നു, അവരും വിദ്വേഷത്തിന്റെ വിപണിയിൽ സ്നേഹത്തിന്റെ കട തുറന്നിരുന്നു എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam