അതിശൈത്യം; ദില്ലിയിലെ ജയിലുകളിൽ തടവുകാർക്ക് ഇനി കുളിക്കാൻ ചൂടുവെള്ളം

By Web TeamFirst Published Jan 9, 2023, 7:25 PM IST
Highlights

തിഹാർ, രോഹിണി, മണ്ഡോലി എന്നിവിടങ്ങളിലെ 16 സെൻട്രൽ ജയിലുകളിലെയും തടവുകാർക്ക്  കുളിക്കുന്നതിനും ശുചീകരണ ആവശ്യങ്ങൾക്കും ചൂടുവെള്ളം ലഭ്യമാക്കും.  65 വയസ്സിന് മുകളിലുള്ള എല്ലാ തടവുകാർക്കും ഒരു കട്ടിൽ കൂടാതെ ഒരു മരക്കട്ടിയും ഒരു മെത്തയും ലഭിക്കും.

ദില്ലി: ദില്ലിയിൽ ശൈത്യം കനക്കുന്നതിനിടെ, ജയിലുകളിലെ എല്ലാ തടവുകാർക്കും ചൂടുവെള്ളം അടിയന്തരമായി ലഭ്യമാക്കാനും 65 വയസ്സിനു മുകളിലുള്ള തടവുകാർക്ക് മെത്ത നൽകാനും തീരുമാനമായി. ദില്ലി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേന ജയിൽ ഡിജിക്കും   ആഭ്യന്തര സെക്രട്ടറിക്കും ഇതു സംബന്ധിച്ച നിർദ്ദേശം നൽകി.  ജയിലുകൾക്കായുള്ള  അവലോകന യോഗത്തിലാണ്  ഇക്കാര്യത്തിൽ തീരുമാനമായത്. 

തിഹാർ, രോഹിണി, മണ്ഡോലി എന്നിവിടങ്ങളിലെ 16 സെൻട്രൽ ജയിലുകളിലെയും തടവുകാർക്ക്  കുളിക്കുന്നതിനും ശുചീകരണ ആവശ്യങ്ങൾക്കും ചൂടുവെള്ളം ലഭ്യമാക്കും.  65 വയസ്സിന് മുകളിലുള്ള എല്ലാ തടവുകാർക്കും ഒരു കട്ടിൽ കൂടാതെ ഒരു മരക്കട്ടിയും ഒരു മെത്തയും ലഭിക്കും. വിചാരണത്തടവുകാരായ തടവുകാർക്ക് ഈ കൊടും തണുപ്പിലും ചൂടുവെള്ളം എന്ന അടിസ്ഥാന സൗകര്യം ലഭിക്കുന്നില്ലെന്നും സ്വാധീനമുള്ള തടവുകാർക്ക് ബക്കറ്റിന് 5000 രൂപ നിരക്കിൽ ജയിലിൽ ചൂടുവെള്ളം ലഭിക്കുന്നുണ്ടെന്നും ലെഫ്റ്റനന്റ് ഗവർണർക്ക് വിവരം ലഭിച്ചിരുന്നു. ഈ കൊടും തണുപ്പിൽ പല തടവുകാരും, പ്രത്യേകിച്ച് പ്രായമായവർ, മെത്തയില്ലെന്ന് പരാതിപ്പെടുന്നതായും, അവരുടെ രോ​ഗാവസ്ഥ വഷളാകുന്നതായും മനസിലാക്കിയ ​ഗവർണർ, 65 വയസിന് മേൽ പ്രായമുള്ള തടവുകാർക്ക് മെത്തകൾ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്നും രാജ് നിവാസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.  
 
ജയിലിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുപുറമെ ഈ മനുഷ്യത്വപരമായ തീരുമാനം ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അഴിമതിയും നിരുത്തരവാദപരമായ സമീപനവും ഇല്ലാതാക്കാൻ സഹായിക്കും.  തടവുകാർ സ്വാധീനമുള്ളവരാണെങ്കിൽ അവരെ സഹായിക്കുന്ന ഉദ്യോ​ഗസ്ഥ പ്രവണത ഇതോടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ​രാജ് നിവാസ്  പ്രസ്താവനയിൽ പറയുന്നു. 

ദില്ലി കൂടാതെ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും മൂടൽമഞ്ഞ് കനക്കുകയാണ്. ഉത്തർ പ്രദേശിലെ ആഗ്രയിലും ലക്നൗവിലും പഞ്ചാബിലെ ഭട്ടിൻഡയിലും കാഴ്ചാ പരിധി പൂജ്യമായി ചുരുങ്ങി. ദില്ലിയിൽ പലയിടങ്ങളിലും കാഴ്ചാപരിധി ഇന്നും 25 മീറ്റർ വരെയായി കുറഞ്ഞതോടെ റോഡ് ഗതാഗതം അവതാളത്തിലായി. റോഡപകടങ്ങൾക്ക് സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃത‌ർ മുന്നറിയിപ്പ് ആവർത്തിച്ചു. 

Read Also: 'ആ രാഹുൽ ​ഗാന്ധി മരിച്ചു, ഞാന്‍ കൊന്നു'; രാഹുൽ പറയുന്നു

tags
click me!