
ദില്ലി: അയോഗ്യത ഭീഷണിക്കിടെ രാഹുല്‍ഗാന്ധി പാര്‍ലമെന്‍റില്‍. പാർലമെന്‍റ് മന്ദിരത്തിലെത്തിയ രാഹുൽ ഗാന്ധി പക്ഷേ സഭയ്ക്കുള്ളില്‍ എത്തിയില്ല. കോടതിവിധിക്കെതിരായ രാഷ്ട്രീയ നീക്കത്തില്‍ പന്ത്രണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിന് പിന്തുണയറിയിച്ചു. ഒബിസി വികാരം ഇളക്കി കോൺഗ്രസിന്‍റെ പ്രതിരോധത്തെ നേരിടാനാണ് ബിജെപിയുടെ നീക്കം. അതേസമയം, പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും ഇന്നും സ്തംഭിച്ചു.
അയോഗ്യനാക്കിയ സൂറത്ത് കോടതി വിധിക്കെതിരായ അപ്പീലില്‍ തീരുമാനമാകും വരെ പാര്‍ലമെന്‍റിലെത്തില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും രാഹുല്‍ ഗാന്ധിയെത്തി. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ഓഫീസില്‍ എംപിമാരെ കണ്ടു. രാഹുല്‍ എത്തിയ സമയം ബഹളത്തെ തുടര്‍ന്ന് ലോക്സഭ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. പന്ത്രണ്ട മണിക്ക് സഭ ചേര്‍ന്നെങ്കിലും രാഹുല്‍ പങ്കെടുത്തില്ല. തുടര്‍നടപടികളില്‍ തീരുമാനമാകും വരെ സഭ നടപടികളില്‍ പങ്കെടുക്കേണ്ടെന്നാണ് തീരുമാനമെന്നറിയുന്നു. നിലപാടില്‍ പിന്നോട്ടില്ലെന്ന് വ്യകത്മാക്കി അദാനി വിവാദത്തില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു.
കോടതിവിധിക്കെതിരായ പ്രതിഷേധത്തില്‍ സഹകരണം തേടി ഇരുപത് പ്രതിപക്ഷ പാര്‍ട്ടികളെ കോണ്‍ഗ്രസ് സമീപിച്ചിരുന്നു. എന്നാല്‍ അകല്‍ച്ച വ്യക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ്, ബിആര്‍എസ് തുടങ്ങിയ പാര്‍ട്ടികള്‍ വിട്ടുനിന്നു. സമാജ് വാദി പാര്‍ട്ടി, ആംആ്ദമി പാര്‍ട്ടിയടക്കം 12 കക്ഷികള്‍ കോണ്‍ഗ്രസിന് പിന്തുണയറിയിച്ചു. അതേസമയം രാഹുല്‍ ഗാന്ധി ഒബിസി വിഭാഗത്തെ അപമാനിച്ചുവെന്ന ആക്ഷേപം ശക്തമാക്കമി തിരിച്ചടിക്കാനാണ് ബിജെപിയുടെ നീക്കം. മോദി അടങ്ങുന്ന ഒബിസി വിഭാഗത്തെ അപമാനിച്ച പ്രസ്താവന പിന്‍വലിക്കില്ലെന്നും മാപ്പ് പറയില്ലെന്നുമുള്ള രാഹുലിന്‍റെ നിലപാട് അവരോടുള്ള വെല്ലുവിളിയാണെനന് നദ്ദ കുറ്റപ്പെടുത്തി.ബിജെപി മന്ത്രിമാരും സമാന നിലപാട് ആവര്‍ത്തിച്ചു.
അതേസമയം, രാഹുലിനെ അയോഗ്യനാക്കുന്നതിലെ തുടര്‍നടപടികളില്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. സ്പീക്കര്‍ ഇതിനായി നിയമോപദേശം തേടി. കോടതി വിധിയുടെ പകര്‍പ്പും പരിശോധിക്കുകയാണ്. ഈ സമ്മേളന കാലയളവില്‍ തന്നെ അയോഗ്യനാക്കണമെന്ന അവശ്യവുമായി അഭിഭാഷകന്‍ വിനിത് ജിന്‍ഡാല്‍ സ്പീക്കര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam