ഈ വർഷത്തെ 'ജോക്കർ' എൻ‌ഡി‌എ സർക്കാർ, മോദിയോ രാഹുലോ നുണയനെന്ന കാര്യത്തില്‍ സംവാദമാകാം; ജാവദേക്കറിന് കോണ്‍ഗ്രസിന്‍റെ വെല്ലുവിളി

By Web TeamFirst Published Dec 28, 2019, 6:19 PM IST
Highlights

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണോ അതോ രാഹുലാണോ നുണയനെന്ന് തീരുമാനിക്കാനുള്ള ചർച്ചയ്ക്ക് പ്രകാശ് ജാവദേക്കറെ ചൗധരി വെല്ലുവിളിക്കുകയും ചെയ്തു. 

ദില്ലി: എൻഡിഎ സർക്കാര്‍, ജോക്കര്‍ സര്‍ക്കാരാണെന്ന പരിഹാസവുമായി കോൺ​ഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി. ഈ വര്‍ഷത്തെ ജോക്കര്‍ എൻഡിഎ സർക്കാരാണെന്നാണ് ചൗധരിയുടെ പക്ഷം. 2019ലെ ഏറ്റവും വലിയ നുണയൻ രാഹുല്‍ ഗാന്ധിയാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്ന നിലയിലാണ് ജോക്കര്‍ പരാമര്‍ശവുമായി ചൗധരി രംഗത്തെത്തിയിരിക്കുന്നത്.

 “ നുണയുടെ കാര്യത്തിലെ ഈ വര്‍ഷത്തെ സ്ഥാനാർത്ഥി” എന്നായിരുന്നു രാഹുൽ ​ഗാന്ധിയെ കുറിച്ച് ജാവദേക്കര്‍ പറഞ്ഞത്. രാഹുൽ ഗാന്ധി ഈ വർഷത്തെ നുണയനാണെന്ന് ജാവദേക്കർ പറഞ്ഞെങ്കിൽ ഈ വർഷത്തെ ജോക്കർ എൻ‌ഡി‌എ സർക്കാരാണെന്ന് താൻ പറയുന്നതായി ചൗധരി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണോ അതോ രാഹുലാണോ നുണയനെന്ന് തീരുമാനിക്കാനുള്ള ചർച്ചയ്ക്ക് പ്രകാശ് ജാവദേക്കറെ വെല്ലുവിളിക്കാനും ചൗധരി മടികാട്ടിയില്ല. 

സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥയെക്കുറിച്ചും ബാങ്കുകൾ വിതരണം ചെയ്യുന്ന മോശം വായ്പകളെക്കുറിച്ചും ചൗധരി ആശങ്ക പ്രകടിപ്പിച്ചു. "എൻ‌ഡി‌എ സർക്കാർ ഉടൻ എൻ‌പി‌എ സർക്കാരായി" മാറുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read More: 'നുണ, നുണ, നുണ', രാജ്യത്ത് തടങ്കൽ കേന്ദ്രങ്ങളില്ലെന്ന മോദിയുടെ പ്രസ്താവനയ്ക്ക് എതിരെ രാഹുൽ

കഴിഞ്ഞ ദിവസമാണ് പൗരത്വപ്പട്ടികയിൽ നിന്ന് പുറത്താവുന്നവർക്കായി രാജ്യത്ത് എവിടെയും തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കുന്നില്ലെന്നും, ദേശവ്യാപകമായി ജനസംഖ്യാ റജിസ്റ്റർ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചർച്ചകൾ നടന്നിട്ടില്ലെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന പച്ചനുണയെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞത്.

'ആർഎസ്എസ്സിന്‍റെ പ്രധാനമന്ത്രി ഭാരതമാതാവിനോട് നുണ പറയുകയാണ്'', എന്ന് രാഹുൽ ഗാന്ധി ട്വീറ്റും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രകാശ് ജാവദേക്കർ രം​ഗത്തെത്തിയത്. 2019ലെ ഏറ്റവും വലിയ നുണയനാരാണെന്ന് തെരഞ്ഞെടുപ്പ് നടത്തിയാല്‍ അത് രാഹുലായിരിക്കുമെന്നും രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ജാവദേക്കർ പറഞ്ഞിരുന്നു. ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെയും പൗരത്വ നിയമ ഭേദഗതിയുടെയും പേരില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും പ്രകാശ് ജാവദേക്കർ ആവശ്യപ്പെട്ടിരുന്നു.

Read Also: രാഹുൽ ​ഗാന്ധി ഈ വർഷത്തെ ഏറ്റവും വലിയ നുണയൻ; ആരോപണവുമായി ബിജെപി

click me!